കാലവർഷം വിടവാങ്ങൽ കർണാടക വരെ എത്തി, തുലാവർഷം വിളിപ്പാടകലെ
കാലവർഷം വിടവാങ്ങൽ കർണാടകയിൽ എത്തി. വടക്കൻ കർണാടകയിലൂടെയാണ് ഇന്നലെ കാലവർഷ വിടവാങ്ങൽ രേഖ (withdrawal line of south west monsoon) കടന്നു പോകുന്നത്. കാലാവസ്ഥ വകുപ്പിൻ്റെ നിരീക്ഷണം അനുസരിച്ച് കല ബുർഗി, കർവാർ, കാങ്കർ, നിസാമാബാദ്, സാഗർ ദ്വീപ്, നിസാമുദ്ദീൻ വഴിയാണ് കാലവർഷ വിടവാങ്ങൽ രേഖ കടന്നു പോകുന്നത്.
വരുന്ന 2-3 ദിവസത്തിനകം കാലവർഷം പൂർണമായി ഇന്ത്യയിൽ നിന്ന് വിട വാങ്ങും. ഇതോടെ വടക്കു കിഴക്കൻ മൺസൂൺ ( തുലാവർഷം ) എത്താൻ അനുകൂലമായ അന്തരീക്ഷ സ്ഥിതി ഒരുങ്ങും.
തുലാവർഷം എത്തുന്നതിന് മുന്നോടിയായുള്ള അന്തരീക്ഷ പരിവർത്തനമാണ് ഇപ്പോൾ ദക്ഷിണേന്ത്യയിൽ നടക്കുന്നത്.
ഇതോടൊപ്പം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്നാട് തീരത്തായി അന്തരീക്ഷച്ചുഴിയും (upper air circulation- UAC) രൂപപ്പെട്ടിട്ടുണ്ട്. ഇത് ഈർപ്പ സാന്നിധ്യം കൂട്ടുകയും കേരളത്തിലും തമിഴ്നാട്ടിലും മഴ നൽകുകയും ചെയ്യും.
ഈ മാസം 16 മുതൽ തുലാവർഷത്തിൻ്റെ അനുകൂല വിൻ്റ് പാറ്റേൺ ദൃശ്യമാകും. ഒക്ടോബർ 20 നകം തുലാവർഷം എത്തിയതായി പ്രഖ്യാപിക്കാൻ കഴിയും. ഇന്ന് കോഴിക്കോടിനും ആലപ്പുഴക്കും ഇടയിൽ ഇടിയോടെ ശക്തമായ മഴക്ക് സാധ്യത. എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ശക്തമായ മഴ സാധ്യത.
English Summary: The monsoon season has reached Karnataka, and the Libra season is approaching.