രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ചു ദിവസം ചൂട് കൂടി തന്നെയായിരിക്കും. കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളെ അപേക്ഷിച്ച് ചില പ്രദേശങ്ങളിൽ ചൂടിന് ശമനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞു. ഇപ്പോഴും 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയാണുള്ളത്. വേനൽ മഴ കുറഞ്ഞത് ചൂടിന്റെ കാഠിന്യം വർധിപ്പിച്ചു.
കേരളത്തിൽ ഏപ്രിൽ 15ന് ശേഷം കിഴക്കൻ മലയോര പ്രദേശങ്ങളിലും വനമേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ചൂട് കുറയാൻസാധ്യതയില്ല. വേനൽ മഴ ഒന്നോ രണ്ടോ പ്രദേശങ്ങളിൽ മാത്രമായിരിക്കും ഉണ്ടാവുകയെന്നും മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. ജനവാസ മേഖലയിൽ ആവാനുള്ള സാധ്യതയും കുറവാണ്. എന്നാൽ കേരളം മുതൽ വിദർഭ വരെ നീളുന്ന ന്യൂനമർദ പാത്തിയാണ് മഴക്ക് കാരണം. കർണാടക വഴിയാണ് ഈ ന്യൂനമർദ്ദ പാത്തി അന്തരീക്ഷത്തിന്റെ താഴ്ന്ന ലെവലിലൂടെ കടന്നു പോകുന്നത്. അതിനാൽ ഇത് മൂലം ഉണ്ടാകുന്ന കാറ്റിൻറെ ഗതിമുറിവാണ് ഇടിയോടുകൂടെയുള്ള മഴക്ക് കാരണമാകുന്നത്.
കാസർകോട് ജില്ലയുടെ കിഴക്കൻ അതിർത്തിയിലും, മലപ്പുറം കണ്ണൂർ, കോട്ടയം, പത്തനംതിട്ട ,ഇടുക്കി ജില്ലകളിലെ ഒന്നോ രണ്ടോ പ്രദേശങ്ങളിലും അടുത്ത മൂന്ന് ദിവസത്തിനകം ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം 15ന് ശേഷം കേരളത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ വേനൽ മഴ ലഭിച്ചു തുടങ്ങും. മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. അതുവരെ വേനൽചൂട് തുടരാനാണ് സാധ്യത.