Menu

Summer

ശൈത്യത്തിന് മുന്നോടി; മൂടല്‍ മഞ്ഞില്‍ മുങ്ങി യു.എ.ഇ

അഷറഫ് ചേരാപുരം
ദുബൈ: ശൈത്യത്തിന് മുന്നോടിയായി യു.എ.ഇയില്‍ മൂടല്‍ മഞ്ഞ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ എമിറേറ്റുകളില്‍ മൂടല്‍ മഞ്ഞ് തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നല്‍കി. തണുപ്പുകാലത്തിന്റെ തുടക്കമായതിനാല്‍ അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലിസ് അറിയിച്ചു.
banner
ദുബൈക്കു പുറമെ മറ്റ് എമിറേറ്റുകളിലും മുന്നറിയിപ്പ് നിര്‍ദേശമുണ്ട്.റോഡില്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും പ്രതികൂലമായ കാലാവസ്ഥകളില്‍ വേഗത കുറക്കാനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധയുണ്ടാവണമെന്നാണ് നിര്‍ദേശങ്ങള്‍. രാത്രിയില്‍ തുടങ്ങി നേരം പുവരുന്നവരേ മഞ്ഞ് വ്യാപിക്കുകയാണ്.

വർൾച്ചക്ക് പിന്നാലെ പ്രളയ മുന്നറിയിപ്പ്

കടുത്ത വരൾച്ചക്കും ചൂടിനും ശേഷം ബ്രിട്ടനു സമീപം കടലിൽ ന്യൂനമർദ്ദം ഉടലെടുത്തതിനെത്തുടർന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. ബ്രിട്ടന്റെ വടക്കൻ ഭാഗങ്ങളിൽ പ്രളയമുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിനു വടക്കായുള്ള പ്രദേശങ്ങളിലാണ് പ്രളയമുന്നറിയിപ്പു നൽകിയിരിക്കുന്നത്. ബ്രിട്ടന്റെ പടിഞ്ഞാറൻ മേഖലയിൽ മഴയും കാറ്റും ഉണ്ടാകും. വടക്കൻ ഭാഗങ്ങളിൽ ആദ്യം മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.
മഴക്കെടുതികളെ നേരിടാനുള്ള സംവിധാനങ്ങളൊരുക്കാൻ ബ്രിട്ടിഷ് കാലാവസ്ഥാ ഏജൻസിയായ മെറ്റ് ഓഫിസ് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന നടപ്പാതകളും ജല സ്രോതസ്സുകൾക്കു സമീപമുള്ള പാലങ്ങളും ഒഴിവാക്കാനും പ്രളയം സംഭവിച്ചാ‍ൽ പ്രളയ ജലത്തിലൂടെയുള്ള ഡ്രൈവിങ്ങിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ബ്രിട്ടന്റെ മധ്യ, കിഴക്കൻ മേഖലകളിൽ പറയത്തക്ക പ്രശ്നങ്ങളുണ്ടാകില്ലെന്നും കാലാവസ്ഥാ അധികൃതർ അറിയിച്ചിട്ടുണ്ട്. കാറ്റും മഴയുമുണ്ടാകാനിടയുള്ള മേഖലകളിൽ നിന്ന് മരക്കൊമ്പുകളും മറ്റും അധികൃതർ മുറിച്ചുമാറ്റി.

ബ്രിട്ടന്റെ ഭാഗമായുള്ള സ്കോട്ലൻഡിൽ 15, 16 തീയതികളിൽ കനത്ത മഴയുണ്ടാകാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഇതിനിടെ മഴയ്ക്കൊപ്പം കനത്ത മഞ്ഞുവീഴ്ചയും ബ്രിട്ടനിൽ സംഭവിക്കുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. ഒക്ടോബർ 15 മുതലായിരിക്കും ഇതു സംഭവിക്കുകയെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. അടുത്തയാഴ്ച ബ്രിട്ടനിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴേക്കു പോകാനും സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.

യു.എ.ഇയിലെ വേനൽ അവസാനിക്കുന്നു; വസന്തം വരവായി

ദിവസങ്ങള്‍ക്കുള്ളില്‍ യുഎഇയിലെ വേനല്‍ക്കാലം അവസാനിക്കും. രാജ്യം ഉടന്‍ ശരത്കാല സീസണിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, സെപ്റ്റംബര്‍ 23 വെള്ളിയാഴ്ചയാണ് ശരത്കാലം ആരംഭിക്കുന്നത്. അതേ ദിവസം പുലര്‍ച്ചെ 5.04 ന് ശരത്കാലദിനം ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി അറിയിച്ചു.
ഇത് ശരത്കാല സീസണിന്റെ ആരംഭത്തെ അടയാളപ്പെടുത്തുന്നു. പകലുകളും രാത്രികളും തുല്യ ദൈര്‍ഘ്യമുള്ളതായിരിക്കും, അതായത് സൂര്യോദയവും സൂര്യാസ്തമയവും യഥാക്രമം രാവിലെയും വൈകുന്നേരവും ഏതാണ്ട് ഒരേ സമയത്തായിരിക്കും. സീസണ്‍ പുരോഗമിക്കുകയും രാജ്യം പൂര്‍ണമായി ശീതകാലത്തിലേക്ക് മാറുകയും ചെയ്യുമ്പോള്‍, രാത്രികള്‍ നീണ്ടുനില്‍ക്കുകയും പകലുകള്‍ കുറയുകയും ചെയ്യും.ശരത്കാല സീസണില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും മരുഭൂമിയില്‍ മെര്‍ക്കുറി 20 ഡിഗ്രി സെല്‍ഷ്യസിനു താഴെയാകുമെന്നും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അടുത്തിടെ ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു.
വേനല്‍ച്ചൂടിന് വിരാമമിട്ട് ഓഗസ്റ്റ് 24-ന് സുഹൈല്‍ നക്ഷത്രം ഉദിച്ചിരുന്നു. യു.എ.ഇ.യുടെ ശരത്കാലത്തിലേക്കുള്ള മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ക്രമേണ താപനില കുറയുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ ഹസന്‍ അല്‍ ഹരീരി അടുത്തിടെ വ്യക്തമാക്കിയിരുന്നു.