തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദവും ചുഴലിക്കാറ്റും മൂലം തമിഴ്‌നാട്ടിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥയിൽ അസ്ഥിരത തുടരുകയാണ്. ആഴ്ച മുഴുവൻ ഇടിമിന്നൽ, കനത്ത മഴ എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജാഗ്രതാ നിർദേശം നൽകി.
വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്, സ്കൂളുകൾക്ക് അവധി എന്നിങ്ങനെയുള്ള സാഹചര്യമാണ് ചെന്നൈയിൽ നിലവിൽ. വാരാന്ത്യത്തോടെ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും കാലാവസ്ഥ കൂടുതൽ വഷളാകുമെന്ന് പ്രവചിക്കപ്പെടുന്നു. ബുധനാഴ്ച സ്കൂളുകൾക്ക് അവധി നൽകിയിട്ടില്ലെങ്കിലും അപ്‌ഡേറ്റുകൾക്കായി സ്കൂൾ അധികൃതരുമായി ബന്ധപ്പെടാൻ രക്ഷിതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്നത്തെ IMD-യുടെ പ്രവചനം
തമിഴ്നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ ചില സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടി മഴ പ്രതീക്ഷിക്കാം.
കടലൂർ, മയിലാടുതുറൈ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധനാഴ്ചയും, വ്യാഴാഴ്ചയും കനത്ത മഴ പ്രതീക്ഷിക്കാം. ഒപ്പം കേരളം, ലക്ഷദ്വീപ്, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടി മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച മുതൽ കടലൂർ, മയിലാടുതുറൈ, വില്ലുപുരം, ചെങ്കൽപട്ട്, നാഗപട്ടണം, പുതുച്ചേരി/കാരയ്ക്കൽ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പട്ട്, ചെന്നൈ, വില്ലുപ്പുറം, കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, അരിയല്ലൂർ, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ടൈ, രാമനാഥപുരം, തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി എന്നിവിടങ്ങളിലും പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലും ശനിയാഴ്ചയും ഞായറാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആവർത്തിച്ച് ശക്തമായ മഴ സാധ്യത കണക്കിലെടുത്ത്, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും, പ്രാദേശിക മുന്നറിയിപ്പുകൾ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിക്കുന്നു. കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കുന്നത് തുടരുകയും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യും.