Menu

സംസ്ഥാനത്ത് വേനൽ മഴ തുടങ്ങി; ശക്തമായ ഇടിയും മിന്നലും ഉണ്ടാകും,ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് വേനൽ മഴ തുടങ്ങി. മാർച്ച് 15 മുതൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞിരുന്നു. മാർച്ച് രണ്ടാം വാരത്തോടെ തെക്കൻ കേരളത്തിലേക്കാണ് മഴ കൂടുതൽ ഉണ്ടാവുക എന്നായിരുന്നു മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണം. കഴിഞ്ഞ ദിവസങ്ങളിൽ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി, കേണിച്ചിറ ഭാഗങ്ങളിൽ ശക്തമായ മഴയുണ്ടായിരുന്നു.

അതേസമയം പത്തനംതിട്ട, ഇടുക്കി എറണാകുളം ജില്ലകളിൽ ഇടിയോടുകൂടിയ മഴ തുടരുന്നു. പാലക്കാടും, ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, മുഹമ്മ എന്നിവിടങ്ങളിലും, കോഴിക്കോട് ജില്ലയിൽ താമരശ്ശേരി യിലും മഴ ലഭിച്ചു. സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്റെ കണക്ക് പ്രകാരം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലാണ്. 40 ഡിഗ്രിയാണ് ഏറ്റവും ഉയർന്ന താപനില.

കൂടാതെ സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളതീരത്ത് വ്യാഴാഴ്ച രാത്രി വരെ 0.4 മുതൽ 0.9 വരെ ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed