കടുത്ത വേനൽ ചൂടിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴ സാധ്യത

കടുത്ത ചൂടിന് ആശ്വാസമേകി കേരളത്തിൽ വേനൽ മഴക്ക് സാധ്യത. ഫെബ്രുവരി രണ്ടാം വാരം തന്നെ കേരളത്തിൽ ഇത്തവണ വേനലിന് സമാന അന്തരീക്ഷസ്ഥിതി ഉടലെടുത്തിരുന്നു. ഫെബ്രുവരിയിൽ തന്നെ കണ്ണൂരിൽ 42 ഡിഗ്രി ചൂടിലെത്തി. കഴിഞ്ഞ ഒരു മാസമായി കേരളത്തിൽ മഴ വിട്ടു നിൽക്കുകയും വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയുമായിരുന്നു. വേനൽ കടുത്തതോടെ വടക്കൻ കേരളത്തിൽ ജലാശയങ്ങളും വറ്റി വരളുകയാണ്. കാലവർഷവും ശീതകാലമഴയും വടക്കൻ കേരളത്തിൽ കുറവായിരുന്നു.

കേരളത്തിൽ മാർച്ച് പകുതിക്ക് ശേഷം മഴ സാധ്യതയുണ്ടെന്ന് നേരത്തെ മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ സൂചിപ്പിച്ചിരുന്നു. ഈമാസം 15 ന് ശേഷം കേരളത്തിൽ വേനൽ മഴ എത്താൻ അനുകൂല അന്തരീക്ഷസ്ഥിതിയാണുള്ളതെന്ന് ഞങ്ങളുടെ മീറ്റിയോറളജിസ്റ്റ് പറയുന്നു. കഴിഞ്ഞ ദിവസം കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിച്ചിരുന്നു. ഇത്തരം മഴ സാധ്യത 15 വരെ തുടരും. കൂടുതലും ഇത്തരം മഴ തെക്കൻ ജില്ലകളിലാകും ലഭിക്കുക. 15 ഓടെ മധ്യ കേരളത്തിലും മഴ ലഭിച്ചു തുടങ്ങും. 17 ഓടെ കേരളത്തിൽ എല്ലാ ജില്ലകളിലേക്കും മഴ പെയ്യാൻ അനുകൂല അന്തരീക്ഷ സ്ഥിതി സംജാതമാകും. വടക്കൻ കേരളത്തിലും മഴ ലഭിക്കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. കണ്ണൂർ, കാസർകോട് ജില്ലകളിൽ താരതമ്യേന മഴ കുറവായിരിക്കും. മഴ സാധ്യതയെ കുറിച്ച് കൂടുതലറിയാൻ താഴെ നൽകിയ ഞങ്ങളുടെ സ്ഥാപകൻ വെതർമാൻ കേരളയുടെ അവലോകന വിഡിയോ കാണുക.

കേരളത്തിൽ ഇന്നു മുതൽ ഈർപ്പമുള്ള കാറ്റ് ബംഗാൾ ഉൾക്കടലിൽ നിന്നു പ്രവേശിച്ചു തുടങ്ങും. ഇത് മേഘരൂപീകരണത്തിന് ഇടയാക്കും. അടുത്ത ദിവസങ്ങളിൽ ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ ഫേസ് രണ്ടിലേക്ക് മാറി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തുന്നത് കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ മഴ സാധ്യത വർധിപ്പിക്കും. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴികൾക്കും മറ്റും എം.ജെ.ഒ കാരണമാകാറുണ്ട്. ഈ മാസം 20 വരെയുള്ള ദിവസങ്ങളിലാണ് ഇപ്പോഴത്തെ നിരീക്ഷണം അനുസരിച്ച് കേരളത്തിൽ മഴ സാധ്യതയുള്ളത്.
Metbeat Weather എൻറെ കാലാവസ്ഥ അവലോകനങ്ങൾക്കും കാലാവസ്ഥാ വാർത്തകൾക്കുമായി www.metbeatnews.com , www.metbeat.com വെബ്സൈറ്റുകൾ എപ്പോഴും സന്ദർശിക്കുക.
Photo: A Sanesh

Leave a Comment