സംസ്ഥാനത്ത് വേനൽ ചൂട് കുറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 40 ഡിഗ്രിക്ക് മുകളിൽ പോയ താപനില കുറഞ്ഞുവരുന്നു. ഇന്ന് രാവിലെ വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടിയ ചൂട് 36.2ഡിഗ്രിയായി. കോഴിക്കോട് ജില്ലയിലാണ് 36.2 ഡിഗ്രി രേഖപ്പെടുത്തിയത്. കൂടാതെ വിവിധ ജില്ലകളിലെ ചൂട് കോഴിക്കോട് 36.2 ഡിഗ്രി, എറണാകുളം നോർത്ത് പറവൂർ സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 35.0 ഡിഗ്രി, കളമശ്ശേരി സ്റ്റേഷനിൽ 34.1 ഡിഗ്രി എന്നിങ്ങനെയാണ്.
പത്തനംതിട്ട ജില്ലയിൽ ഏറ്റവും ഉയർന്ന ചൂട് 34.3 ഡിഗ്രിയാണ്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 35.8 ഡിഗ്രിചൂടാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത് ഇടുക്കി വയനാട് തൃശ്ശൂർ ജില്ലകളിലാണ്. ഇടുക്കിയിൽ 22.9 ഡിഗ്രിയും, വയനാട് 28.3 ഡിഗ്രിയും, തൃശൂർ 28.4 ഡിഗ്രി എന്നിങ്ങനെയാണ് രേഖപ്പെടുത്തിയ കുറയുമെന്ന് .
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ചൂട് കുറയുമെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞിരുന്നു. ഇരുപതാം തീയതിക്ക് ശേഷം വേനൽ മഴ വീണ്ടും സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ചൂടിൽ നേരിയ കുറവുണ്ടെങ്കിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ വകുപ്പിന്റെയും ജാഗ്രത നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
കേരളത്തിന്റെ കിഴക്കൻ മേഖലകളിലാണ് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. വനമേഖലകളുടെ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിൽ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതിനാൽ മലയോരമേഖലകളിലെ അരുവികൾ, തോടുകൾ ഇവിടെയൊക്കെ ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നമ്മൾ നിൽക്കുന്ന പ്രദേശത്ത് മഴയില്ലെങ്കിലോ വെള്ളം വറ്റി നിക്കുന്ന അരുവികൾ ആണെങ്കിലും പെട്ടെന്ന് ആയിരിക്കും മലവെള്ളപ്പാച്ചിൽ വന്ന് വെള്ളം നിറയുക. അതിനാൽ വിനോദസഞ്ചാരികൾ ഇത്തരം പ്രദേശങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രതപാലിക്കുക.