വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകി വിനോദസഞ്ചാരികളുടെ ഒഴുക്ക് ; 10 ദിവസത്തിൽ ഒന്നര ലക്ഷം സഞ്ചാരികൾ

വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകി വിനോദസഞ്ചാരികളുടെ ഒഴുക്ക്. ഏപ്രിൽ ആറു മുതൽ 16 വരെയുള്ള വിഷു ഈസ്റ്റർ അവധി ദിവസങ്ങളിൽ ആയിരുന്നു സഞ്ചാരികളുടെ തിരക്ക് കൂടുതൽ അനുഭവപ്പെട്ടത്. ടിക്കറ്റ് നിരക്കിൽ മാത്രം ഡി ടി പി സിയുടെയും, മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആയി ഒരു കോടിയിലധികം രൂപ വരുമാനമായി ലഭിച്ചു.

65,608 പേരാണ് ഡി.ടി.പി.സി.ക്കു കീഴിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍മാത്രം എത്തിയത്. ഈ ദിവസങ്ങളില്‍ ഡി.ടി.പി.സി.ക്ക് കീഴിലുള്ള 11 വിനോദസഞ്ചാരകേന്ദ്രങ്ങില്‍ നിന്നായി 42.29 ലക്ഷംരൂപ വരുമാനം ലഭിച്ചു. ഡി.ടി.പി.സി.ക്കു കീഴിലുള്ള കേന്ദ്രങ്ങളില്‍ പൂക്കോട് തടാകത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെത്തിയത്. 28,502 പേര്‍. തടാകം സന്ദര്‍ശിക്കുകയും 20.99 ലക്ഷംരൂപ വരുമാനം ലഭിക്കുകയും ചെയ്തു. പെസഹാ വ്യാഴം മുതല്‍ തുടങ്ങിയ അവധിക്കാലത്തില്‍ ഈസ്റ്ററിന്റെ തലേദിവസമാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയത് 5399 പേര്‍.

എന്‍ ഊര് ഗോത്രപൈതൃകഗ്രാമം, വനംവകുപ്പിന് കീഴിലുള്ള ചെമ്പ്രാപീക്ക് എന്നിവിടങ്ങളിലെ കണക്കുകൂടി ലഭിക്കുമ്പോള്‍ വരുമാനം വര്‍ധിക്കും. ജലസേചനവകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാമില്‍ 24,912 പേരെത്തി. 6.84 ലക്ഷംരൂപ വരുമാനം ലഭിച്ചു. അഡ്വഞ്ചര്‍ പാര്‍ക്കിലെ വരുമാനത്തിന്റെ കണക്കുകൂടി കാരാപ്പുഴയിലെ വരുമാനവും വർദ്ധിക്കും . ബാണാസുരസാഗര്‍ ഡാമില്‍ ഏപ്രില്‍ ഏഴുമുതല്‍ 16 വരെ 34,265 പേരെത്തി. 43.01 ലക്ഷംരൂപ വരുമാനം ലഭിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൂട് 40 ഡിഗ്രിക്ക് മുകളിലായിരുന്നു. അതിനാൽ ചൂടിനെ മറികടക്കാൻ കൂടെയാണ് തണുപ്പുള്ള ജില്ലയായ വയനാടിനെ വിനോദസഞ്ചാരികൾ കൂടുതൽ ആശ്രയിച്ചത്.

Share this post

Leave a Comment