സുഹൈല്‍ നക്ഷത്രം ഉദിച്ചു: ഉഷ്ണത്തിന് ആശ്വാസമായി അറബ് ലോകം

അഷറഫ് ചേരാപുരം
ദുബൈ: യു.എ.ഇയില്‍ സുഹൈല്‍ നക്ഷത്രം ഉദിച്ചു. ഇനി വേനല്‍ച്ചൂടിന് ആശ്വാസമാവുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍.
സുഹൈല്‍ നക്ഷത്രം (കനോപസ്) എന്ന അഗസ്ത്യ നക്ഷത്രം അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നക്ഷത്രമാണ്. നാടോടിക്കഥകള്‍ അനുസരിച്ച് ഇത് വേനല്‍ക്കാലത്തിന്റെ അവസാനത്തെയും മരുഭൂമിയിലെ തണുത്ത ദിവസങ്ങളുടെ ക്രമാനുഗതമായ ആരംഭത്തെയും സൂചിപ്പിക്കുന്നുവെന്നാണ് കരുതുന്നത്.ഓഗസ്റ്റ് 24ന് പുലര്‍ച്ചെ മുതല്‍ യു.എ.ഇയുടെയും മധ്യ അറേബ്യയുടെയും തെക്കുകിഴക്കന്‍ ചക്രവാളത്തില്‍ സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇയുടെ ജ്യോതിശാസ്ത്രജ്ഞന്‍ നേരത്തെ പറഞ്ഞിരുന്നു. വേനല്‍ മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചിരുന്നെങ്കിലും ഉഷ്ണത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. പലയിടത്തും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് ഇത്തവണ എത്തിയിരുന്നു. അന്താരാഷ്ട്ര ആസ്‌ട്രോണമി സെന്റര്‍ കണക്കനുസരിച്ച് സിറിയസ് നക്ഷത്രത്തിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമേറിയ രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഇത് ഭൂമിയില്‍ നിന്നും ഏകദേശം 313 പ്രകാശ വര്‍ഷം അകലെയാണ്. അറേബ്യന്‍ ഉപദ്വീപില്‍ ശൈത്യകാലം അവസാനം വരേ ഇതിനെ കാണാനാവും.

Leave a Comment