കാലാവസ്ഥ വ്യതിയാനം: സുദാനിൽ പ്രളയം; മരണം 80 കവിഞ്ഞു

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഭൂമിയില്‍ പലതരത്തിലാണ് അനുഭവപ്പെടുന്നത്. യൂറോപ്പിന്‍റെ തെക്ക് ഭാഗത്തും വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളിലും അതിരൂക്ഷമായ വളര്‍ച്ചയും ഉഷ്ണതരംഗവും അനുഭവപ്പെടുമ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ സുദാനില്‍ കനത്ത മഴ പെയ്യുകയാണ്. ഇതേതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 83 ആയി ഉയര്‍ന്നു. മഴക്കാലത്തിന്‍റെ തുടക്കം മുതല്‍ രാജ്യത്ത് രേഖപ്പെടുത്തിയ മരണ സംഖ്യയാണിതെന്ന് അധിക‍ൃതര്‍ അറിയിച്ചു.
സാധാരണയായി ജൂണിലാണ് സുദാനിലെ മഴക്കാലം ആരംഭിക്കുന്നത്. ഇത് സെപ്തംബര്‍ അവസാനം വരെ നീണ്ട് നില്‍ക്കും. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ രാജ്യത്ത് വെള്ളപ്പൊക്കവും സാധാരണമാണ്. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ 80 ല്‍ അധികം ആളുകള്‍ മരിച്ചിരുന്നു.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുദാനിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ മെയ് മുതല്‍ കുറഞ്ഞത് 36 പേര്‍ക്ക് പരിക്കേറ്റതായി ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുള്‍ ജലീല്‍ അബ്ദുള്‍ റഹീം പറഞ്ഞു. രാജ്യത്തുടനീളം 18,200 ഓളം വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു.
ഏറ്റവും കുറഞ്ഞത് 25,600 വീടുകളെങ്കിലും ഭാഗീകമായി തകര്‍ന്നതായും ജനറല്‍ അബ്ദുള്‍ ജലീല്‍ അബ്ദുള്‍ റഹീം അറിയിച്ചു. രാജ്യത്തെ 1,46,200-ലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ ഗ്രാമപ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് കാണാം.
രാജ്യത്തെ 18 പ്രവിശ്യകളിൽ ആറെണ്ണത്തില്‍ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറൻ ഡാർഫർ മേഖലയും നൈൽ നദി, വൈറ്റ് നൈൽ, വെസ്റ്റ് കോർഡോഫാൻ, സൗത്ത് കോർഡോഫാൻ എന്നീ പ്രവിശ്യകളും വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടവയാണെന്ന് യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് അഥവാ ഒസിഎച്ച്എ പറയുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദിരുതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന യുഎന്‍ ഏജന്‍സികള്‍ ഫണ്ടിങ്ങിന്‍റെ അപര്യാപ്തത നേരിടുകയാണ്. ഈ വര്‍ഷം ഇതുവരെയായി 608 മില്യണ്‍ ഡോളര്‍ സുദാന് നല്‍കിയതായി ഒ.സി.എച്ച്എ പറഞ്ഞു. എന്നാല്‍ ഈ തുക ഒരു വര്‍ഷം ആവശ്യമായതിന്‍റെ മൂന്നിലൊന്ന് മാത്രമാണ്.

Leave a Comment