കാലാവസ്ഥ പ്രവചനം തെറ്റി; ഹംഗറിയിൽ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

കാലാവസ്ഥാ പ്രവചനത്തിന്റെ കാര്യത്തിൽ കാര്യക്ഷമത കൂടിയ ഹംഗറിയിൽ കാലാവസ്ഥാ പ്രവചനം തെറ്റിയത് വിവാദമായി. രണ്ടു കാലാവസ്ഥ നിരീക്ഷകരെ സർക്കാർ പിരിച്ചു വിടുകയും ചെയ്തു. ഹംഗറിയിലാണ് പ്രവചനത്തിൽ തെറ്റ് സംഭവിച്ചതിന് രണ്ട് കാലാവസ്ഥാ വിദഗ്ധരെ പിരിച്ചുവിട്ടത്. തെറ്റായ കാലാവസ്ഥാ പ്രവചനത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്.

സെന്റ് സ്റ്റീഫൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ബുഡാപെസ്റ്റിൽ നടത്താനിരുന്ന കരിമരുന്ന് പ്രയോഗം തെറ്റായ കാലാവസ്ഥാ പ്രവചനത്തേത്തുടർന്ന് മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരുന്നു. എന്നാൽ വെടിക്കെട്ട് നടക്കുന്ന സമയത്ത് കാലാവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പുണ്ടായി. ഇതിനേത്തുടർന്ന് പരിപാടി മാറ്റിവെക്കുകയാണെന്ന് വെടിക്കെട്ട് നടക്കുന്നതിന് ഏഴ് മണിക്കൂർ മുൻപ് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ പ്രവചിച്ചതുപോലെ കാലാവസ്ഥയിൽ ഒരു മാറ്റവും ഉണ്ടായില്ല. ഇതാണ് കലാവസ്ഥാ ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലിലേക്ക് നയിച്ചത്.

യൂറോപ്പിലെ ഏറ്റവും വലിയ കരിമരുന്ന് പ്രകടനം എന്ന് വിശേഷിപ്പിക്കുന്ന അതിബൃഹത്തായ കരിമരുന്ന് പ്രകടനമാണ് നടക്കേണ്ടിയിരുന്നത്. ഡാന്യൂബ് നദിയുടെ കരയിൽ അഞ്ച് കിലോമീറ്ററോളം പ്രദേശത്താണ് പരിപാടി നടക്കാറുള്ളത്. ഇവിടെ 240 കേന്ദ്രങ്ങളിലായാണ് വെടിക്കെട്ട് നടക്കുന്നത്. ഇരുപത് ലക്ഷത്തോളം പേരാണ് പരിപാടി കാണാൻ എത്താറുള്ളത്. വെടിക്കെട്ട് നടക്കേണ്ട സമയത്ത് കനത്ത മഴപെയ്യുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതേത്തുടർന്ന് പരിപാടി ഒരാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച സ്ഥലത്തല്ല മഴയുണ്ടായത്. ബുഡാപെസ്റ്റ് അടക്കമുള്ള പ്രദേശത്ത് പെയ്യുമെന്ന് പ്രതീക്ഷിച്ച മഴമേഘങ്ങൾ രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുകയും അവിടെ കനത്ത മഴപെയ്യുകയും ചെയ്തു. എന്നാൽ ബുഡാപെസ്റ്റിൽ ഒരുതുള്ളിപോലും പെയ്തുമില്ല.
മഴ പ്രവചനം പാളിപ്പോയതോടെ കാലാവസ്ഥാവകുപ്പ് ഞായറാഴ്ച സാമൂഹ്യമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയിരുന്നു. തെറ്റാൻ സാധ്യതയുണ്ടെന്ന് തീരെ പ്രതീക്ഷിക്കാതിരുന്ന ഒരു കാലാവസ്ഥാ പ്രവചനമാണ് തങ്ങൾ നടത്തിയതെന്നും എന്നാൽ ഇത്തരം അനിശ്ചിതത്വങ്ങൾ കാലാവസ്ഥാ പ്രവചനത്തിന്റെ ഭാഗമാണെന്നും വിശദീകരണക്കുറിപ്പിൽ കാലാവസ്ഥാവകുപ്പ് പറഞ്ഞു. എന്നാൽ ക്ഷമാപണംകൊണ്ട് പ്രയോജനമുണ്ടായില്ല. പ്രവചനം തെറ്റിച്ച് രാജ്യത്തിന് വലിയ നഷ്ടവും നാണക്കേടും ഉണ്ടാക്കിയതിന് വകുപ്പ് തലൻമാരായ രണ്ട് ഉദ്യോഗസ്ഥരെ സർക്കാർ പരിച്ചുവിട്ടു.

അതേസമയം, കരിമരുന്ന് പ്രകടനത്തിനെതിരേ നേരത്തേതന്നെ രാജ്യത്ത് എതിർപ്പുകൾ ഉയർന്നിരുന്നു. അയൽ രാജ്യമായ യുക്രൈനിൽ യുദ്ധം നടക്കുന്നതിനിടെ വെടിക്കെട്ട് നടത്തരുതെന്നും രാജ്യത്ത് ചെലവുചുരുക്കൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒരുലക്ഷം പേർ ഒപ്പിട്ട നിവേദനം സർക്കാരിന് നൽകിയിരുന്നു. എന്നാൽ, തെറ്റായ പ്രവചനം നടത്തി പരിപാടി താറുമാറാക്കിയ കാലാവസ്ഥാ വകുപ്പിനെതിരേ സർക്കാർ അനുകൂലികൾ രംഗത്തെത്തുകയും ചെയ്തു.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment