ഡല്‍ഹിയില്‍ പുകമഞ്ഞും കടുത്ത വായു മലിനീകരണവും : മുന്നറിയിപ്പുമായി വിമാന കമ്പനികൾ
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ശക്തമായ പുകമഞ്ഞും കുറഞ്ഞ ദൃശ്യപരിധിയും തുടരുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.
വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍ ഇന്ത്യ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വിസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
അതേസമയം, വായു മലിനീകരണം വീണ്ടും രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ജി.ആര്‍.എ.പി) നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ ഒന്‍പതാം ക്ലാസ് വരെ ഹൈബ്രിഡ് പഠനരീതി നടപ്പാക്കാന്‍ ഉത്തരവിട്ടു.
ഇന്ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 460 ആണ്. ഇത് ഗുരുതര വിഭാഗത്തില്‍പ്പെടുന്നതും ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മലിനീകരണ നിരക്കുമായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ വായു മലിനീകരണ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി ഇന്ന് ലോക്‌സഭയില്‍ നോട്ടിസ് നല്‍കുമെന്ന് അറിയിച്ചു.
ട്രെയിൻ സർവീസിനെയും പുകമഞ്ഞ് ബാധിക്കുന്നുണ്ട്. ദൃശ്യപരത കുറഞ്ഞതിനെ തുടർന്ന് ഡൽഹിയിലും ഇതര സംസ്ഥാനങ്ങളിലും വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തു.
കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. നിരവധി വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പുകമഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞും തൊട്ടുമുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതുമാണ് അപകട കാരണം. ഡൽഹിയിലെ വായുഗുണ നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ തുടരുന്നു.
നാല് ബസുകളും നിരവധി കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ബസുകള്‍ക്ക് തീപിടിച്ചു. ഇതാണ് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്. 25 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം മുംബൈ-ഡൽഹി എക്സ്പ്രസ് പാതയിൽ അപകടം ഉണ്ടാവുകയും നാല് പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
English Summary : Airlines have warned passengers that flight services may be disrupted as heavy smog and low visibility continue to prevail in Delhi.