സൗദിയിൽ കഴിഞ്ഞ മൂന്നു ദിവസമായി തുടർന്ന മഴ മൂലം ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഓൺലൈൻ വഴിയാണ് ക്ലാസുകൾ നടക്കുകയെന്ന് അധികൃതർ അറിയിച്ചു. മക്ക, ജിദ്ദ, റാബിഗ് , ഖുലൈസ് മേഖലകളിലാണ് മഴ തുടരുന്നത്. നാഷനൽ സെന്റർ ഓഫ് മീറ്റിയോറോളജിയുടെ പ്രവചനം അനുസരിച്ച് ഇടത്തരം മഴ തുടരും. മക്ക, ജിദ്ദ, റാബിഗ്,അൽ ബഹ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ സാധ്യത. മഴക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകും. മക്കയുടെ തീരദേശ മേഖലയിലാണ് കൂടുതൽ സാധ്യത. ജിദ്ദ, അൽ ജുമും, മക്ക സിറ്റി, ബഹ്‌റ, അറഫ, ഖുലൈസ്, ഒസ്ഫാൻ, അൽ കാമിൽ, റാഹത്, മൊദറാക, ഹുദ അൽ ഷാം, തുവാൽ, റാബിഗ് എന്നിവിടങ്ങളിൽ മഴ രേഖപ്പെടുത്തി.
സ്‌കൂളുകൾക്ക് അവധി നൽകി മദ്‌റസത്തി പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസിലേക്ക് മാറിയെന്ന് ജിദ്ദ ഗവർണറേറ്റ് ജനറൽ ഡയരക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ വക്താവ് ഹാമൂദ് അൽ സൊഖൈറാൻ പറഞ്ഞു. കാലാവസ്ഥാ വകുപ്പായ എൻ.സി.എം ന്റെ നിർദേശത്തെ തുടർന്ന് സുരക്ഷയൊരുക്കാനാണിതെന്ന് അദ്ദേഹം പറഞ്ഞു. മക്ക, ജിദ്ദ മേഖലയിലെ യൂനിവേഴ്‌സിറ്റികളിലും അവധി നൽകിയിട്ടുണ്ട്.