കേരളത്തിൽ മഴ കുറയുന്നു, താപനിലയിൽ നേരിയ വർധനവ്, വെയിൽ ചൂട് നാളെ മുതൽ കൂടും

ഏതാനും ദിവസമായി സജീവമായ വേനൽ മഴ കേരളത്തിൽ ഇന്നു മുതൽ കുറയും. മെയ് 3 ന് ശേഷം കേരളത്തിൽ വേനൽ മഴ കുറയാൻ സാധ്യതയെന്ന് കഴിഞ്ഞ അവലോകന റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. തെക്കൻ കേരളത്തിൽ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് അന്നത്തെ റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും തെക്കൻ കേരളത്തിലും മഴ കുറയാനാണ് സാധ്യതയെന്ന് പുതിയ ഡാറ്റ പ്രകാരം ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാഹചര്യം കേരളത്തിലെ അന്തരീക്ഷത്തിൽ മാറ്റം വരുത്തിയതാണ് കാരണം.

എം.ജെ.ഒ സ്വാധീനം ഒഴിയുന്നു
കേരളത്തിനു മുകളിൽ കനത്ത വേനൽ മഴക്ക് കാരണമായ ആഗോളമഴപ്പാത്തി എന്നറിയപ്പെടുന്ന എം.ജെ.ഒ സാന്നിധ്യം അറബിക്കടലിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുകയാണ്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ തീരദേശങ്ങളിൽ ലഭിച്ച മഴയും ഇന്നു മുതൽ കുറയും. എം.ജെ.ഒ ബംഗാൾ ഉൾക്കടലിൽ സജീവമാകുന്നതോടെ അവിടെ ന്യൂനമർദം ഉൾപ്പെടെയുള്ള സാധ്യത തെളിയും. ഇതിന്റെ ഭാഗമായ ഒറ്റപ്പെട്ട മഴയേ ഇനി കേരളത്തിൽ ലഭിക്കാൻ സാധ്യതയുള്ളൂ. ഇതുവരെ മഴക്ക് കാരണമായ എം.ജെ.ഒ സ്വാധീനം നീങ്ങിയതിനു പിന്നാലെ ന്യൂനമർദപാത്തിയും കാറ്റിന്റെ ഗതിമുറിവും ആണ് വേനൽ മഴ സജീവമാക്കി നിർത്തിയിരുന്നത്. മെയ് 6 ന് ന്യൂനമർദം രൂപപ്പെടുമെങ്കിലും ഈ മാസം എട്ടുവരെ കേരളത്തിൽ മഴ കുറയാനാണ് സാധ്യത.

മഴ തമിഴ്‌നാട്ടിലേക്ക്
ഇന്നത്തെ അന്തരീക്ഷസ്ഥിതി പ്രകാരം തെക്കൻ തമിഴ്‌നാട് മുതൽ മധ്യപ്രദേശ് വരെ നീളുന്ന ന്യൂനമർദപാത്തിയാണ് ഉള്ളത്. ഇത് തമിഴ്‌നാടിനു മുകളിലൂടെ കടന്നുപോകുകയാണ്. കൂടാതെ വടക്കൻ തമിഴ്‌നാടിനു മുകളിലായി ചക്രവാതച്ചുഴിയും ഉണ്ട്. അതിനാൽ ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട് നഗരങ്ങളിൽ മഴക്ക് അടുത്ത ദിവസങ്ങളിൽ സാധ്യതയേറി. ഉത്തരേന്ത്യയിൽ വീണ്ടും പശ്ചിമവാതം വരുന്നതിനാൽ ഉത്തരേന്ത്യയിലും ആലിപ്പഴ വർഷത്തിനും മഴക്കും കാരണമാകും.

മഴ കുറഞ്ഞു, വടക്ക് ചൂട് കൂടുന്നു
വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് ചൂടിന് ആശ്വാസമുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ വീണ്ടും ചൂട് കൂടി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിലും കാസർകോട്ടും കൂടുതൽ ചൂട് രേഖപ്പെടുത്തി. ഏപ്രിൽ 30 ന് കണ്ണൂരിൽ 36.3 ഡിഗ്രിയും മെയ് ഒന്നിന് 37.3 ഡിഗ്രിയും താപനില രേഖപ്പെടുത്തി. വേനൽമഴ കുറയുന്നതോടെയും മേഘങ്ങൾ കുറഞ്ഞ ആകാശവും അടുത്ത ദിവസങ്ങളിൽ വെയിലിന് ചൂടു കൂട്ടും. എന്നാൽ കടലിൽ നിന്നുള്ള കാറ്റ് കരകയറുന്നതിന് തടസമില്ലാത്തതിനാൽ ചൂടിൽ വലിയ തോതിൽ വർധനവുണ്ടാകുകയും ഇല്ലെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നത്.

Leave a Comment