ആദ്യ ന്യൂനമര്‍ദത്തിന് ഒരുങ്ങി ബംഗാള്‍ ഉള്‍ക്കടല്‍, മോച്ച ചുഴലിക്കാറ്റ് രൂപപ്പെടുമോ

ഈ വർഷത്തെ പ്രീ മൺസൂൺ സീസണിലെ ആദ്യ ന്യൂനമർദത്തിന് ബംഗാൾ ഉൾക്കടൽ ഒരുങ്ങുന്നു. മെയ് രണ്ടാം വാരത്തോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം (Low Pressure Area)  ആൻഡമാൻ ദ്വീപിനു സമീപമായി ഉടലെടുക്കും. ഇതിനുള്ള അന്തരീക്ഷമാറ്റങ്ങൾ രണ്ടു ദിവസത്തിനകം ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ ഉണ്ടാകും. മെയ് 7 ഓടെ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. ഇതോടനുബന്ധിച്ച് മെയ് 6 ന് ഈ മേഖലയിൽ ചക്രവാതച്ചുഴി (Cyclonic Circulation) രൂപം കൊള്ളും. മെയ് എട്ടിനു ശേഷം ന്യൂനമർദം ഘട്ടംഘട്ടമായി ശക്തിപ്പെടുകയും തീവ്രന്യൂനമർദമായി മാറുകയും ചെയ്യും. ഈഘട്ടത്തിൽ ചുഴലിക്കാറ്റ് സാധ്യത ഏജൻസികളൊന്നും പ്രവചിക്കുന്നില്ലെങ്കിലും കാലാവസ്ഥാ പ്രവചന മാതൃകകൾ (NWP) ഇത്തരം സൂചനകൾ നൽകുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിലെ നിരീക്ഷണത്തിലേ ചുഴലിക്കാറ്റ് രൂപപ്പെടുമോയെന്ന കാര്യത്തിൽ വ്യക്തലഭിക്കൂ. 

ചുഴലിക്കാറ്റായാൽ മോച്ച (Mocha)
യു.എസിന്റെ ഗ്ലോബൽ ഫോർകാസ്റ്റ് സിസ്റ്റം (Global Forecast System) യൂറോപ്യൻ കാലാവസ്ഥാ മോഡലായ (European Centre for Medium-Range Weather Forecast) തുടങ്ങിയവ ന്യൂനമർദം ശ്ക്തിപ്പെടുമെന്നും ചുഴലിക്കാറ്റായേക്കുമെന്നും പ്രവചിക്കുന്നുണ്ട്. യൂറോപ്യൻ ഏജൻസിയുടെ പ്രവചന പ്രകാരം ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്കാണ് പ്രാഥമിക ദിശ സൂചിപ്പിക്കുന്നത്. എന്നാൽ ജി.എഫ്.എസ് ചുഴലിക്കാറ്റ് കിഴക്കൻ തീരത്തേക്ക് അടുക്കുമെന്നും പ്രവചിക്കുന്നു. ചുഴലിക്കാറ്റ് സാധ്യത ഇപ്പോഴും വ്യക്തമല്ലെന്നും അടുത്ത ദിവസങ്ങളിലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ എന്നുമാണ് മെറ്റ്ബീറ്റ് വെതറിലെ (Metbeat Weather) നിരീക്ഷകർ പറയുന്നത്. 

ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ അത് ഈവർഷത്തെ ഇന്ത്യൻ മഹാസമുദ്രത്തിലെ ആദ്യ ചുഴലിക്കാറ്റ് (First Cyclonic Storm in Bay of Bengal 2023) ആയി മാറും. മോച്ച എന്ന പേരിലാണ് ഇത് അറിയപ്പെടുക. ലോക കാലാവസ്ഥാ സംഘടനയുടെ WMO/ESCAP അംഗ രാജ്യങ്ങളാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്. യമൻ നിർദേശിച്ച പേരാണ് മോച്ച. 

മെയ് മാസത്തിൽ നേരത്തെയും ചുഴലികൾ

മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് പതിവാണ്. കഴിഞ്ഞ വർഷങ്ങളിലും ചുഴലിക്കാറ്റുകൾ രൂപപ്പെട്ടിരുന്നു. 2022 ൽ യാസ്, 2021 ൽ അസാനി, 2020 ൽ അംഫാൻ ചുഴലിക്കാറ്റുകളാണ് മെയ് മാസത്തിൽ രൂപപ്പെട്ടത്. ചുഴലിക്കാറ്റ് സാഹചര്യത്തിൽ ഒഡിഷ സർക്കാർ ഇപ്പോഴേ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. ഒഡിഷയിലെ മാധ്യമങ്ങളും സർക്കാരും ഇതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഔദ്യോഗിക മുന്നറിയിപ്പുകൾ വരുന്നത് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്. ഇതിനു മുൻപേ രക്ഷാദൗത്യത്തിനു വേണ്ട കരുതലാണ് ഒഡിഷ നടത്താറുള്ളത്. ഒഡിഷ റാപിഡ് ആക്ഷൻ ഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, ഫയർഫോഴ്‌സ് എന്നിവ ഇതിനകം വിലയിരുത്തൽ നടത്തി. 

കേരളത്തിൽ മഴക്ക് സാധ്യത എങ്ങനെ?
ന്യൂമർദം രൂപപ്പെടുകയും തുടർന്ന് പുരോഗമിക്കുകയും ചെയ്യുന്നതോടെ മാത്രമേ കേരളത്തിലെ മഴ സാധ്യതയെ കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. നിലവിലെ ഡാറ്റ പ്രകാരം ന്യൂനമർദം രൂപപ്പെടുന്ന മെയ് 7 മുതൽ മൂന്നു ദിവസം കേരളത്തിൽ വടക്കൻ, മധ്യ, തെക്കൻ ജില്ലകളുടെ തീരദേശത്തും ഇടനാട്ടിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ന്യൂനമർദം രൂപപ്പെടുന്ന സ്ഥാനം, സഞ്ചാര ദിശ, തീവ്രത തുടങ്ങിയവ അനുസരിച്ച് കേരളത്തിലെ മഴയുടെ സ്ഥാനം, തീവ്രത, മഴയുടെ തോത്, മഴ ഇല്ലാതാകൽ തുടങ്ങിയവയും ഉണ്ടാകും. അതിനാൽ വിശദമായ വിവരങ്ങൾ ലഭ്യമാകുന്നതിനും അപ്‌ഡേഷനുകൾക്കും വേണ്ടി metbeat.com, metbeatnews.com എന്നീ വെബ്‌സൈറ്റുകൾ ഇടയ്ക്കിടെ സന്ദർശിക്കുക. Google News ലും metbeatnews.com ലെ വാർത്തകൾ ലഭ്യമാണ്. 

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment