അമിതമായ ചൂട് കാരണം ഓരോ മിനുട്ടിലും ഒരാൾ മരിക്കുന്നുവെന്ന് റിപ്പോർട്ട് 

ഉയരുന്ന താപനില ഓരോ വര്‍ഷവും 5,50,000 പേരുടെ മരണത്തിന്‌ കാരണമാകുന്നതായി ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. 1990കളില്‍ നിന്ന്‌ 2025ലേക്ക്‌ എത്തുമ്പോള്‍ ഉയരുന്ന താപനില മൂലമുള്ള മരണങ്ങളില്‍ 63 ശതമാനത്തിന്റെ കുതിപ്പുണ്ടായി.

Maneesha M.K
2 mins mins read

അമിതമായ ചൂട് കാരണം ഓരോ മിനുട്ടിലും ഒരാൾ മരിക്കുന്നുവെന്ന് റിപ്പോർട്ട് 

തണുപ്പിനേക്കാൾ പലപ്പോഴും ഭയാനകമായി തോന്നാറുണ്ട് ചൂടുകാലം. ഈ ചൂടിനെ കുറിച്ച് ഈ അടുത്തകാലത്തായി വന്ന ഒരു റിപ്പോർട്ടാണ് പുതിയ വിഷയം. അതിൽ പറയുന്നത് ഓരോ മിനുട്ടിലും ലോകത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത്‌ കുറഞ്ഞത്‌ ഒരാളെങ്കിലും അമിതമായ ചൂട്‌ മൂലം മരിച്ചു വീഴുന്നു എന്നാണ്. ലാന്‍സെറ്റ്‌ കൗണ്ട്‌ഡൗണ്‍ ഓണ്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ ക്ലൈമറ്റ്‌ ചേഞ്ച് ആണ് കഴിഞ്ഞ മാസം റിപ്പോർട്ട് പുറത്തുവിട്ടത്. ഉയരുന്ന താപനില ഓരോ വര്‍ഷവും 5,50,000 പേരുടെ മരണത്തിന്‌ കാരണമാകുന്നതായി ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. മാത്രമല്ല 1990കളില്‍ നിന്ന്‌ 2025ലേക്ക്‌ എത്തുമ്പോള്‍ ഉയരുന്ന താപനില മൂലമുള്ള മരണങ്ങളില്‍ 63 ശതമാനത്തിന്റെ കുതിപ്പുണ്ടായതായും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. 

മനുഷ്യൻ്റെ ഇടപെടൽ ചൂടുകൂടാൻ പ്രധാന കാരണമാണ്

2020നും 2024നും ഇടയില്‍ ജനങ്ങള്‍ അനുഭവിച്ച ഉഷ്‌ണ ദിനങ്ങളില്‍ 84 ശതമാനവും മനുഷ്യരുടെ പ്രവര്‍ത്തികള്‍ കൊണ്ട് സംഭവിച്ചതാണ്. മലിനീകരണം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇതുമൂലം വന്ന കാലാവസ്ഥാ വ്യതിയാനമാണ് ഉഷ്‌ണതരംഗത്തിന് ഏറെ കാരണമായത്. 

1765705630W.webp  

എല്ലാ ഘടകങ്ങളുടേയും താളം തെറ്റി

മനുഷ്യജീവിതം ആശ്രയിച്ചിരിക്കുന്ന ഭക്ഷണം, വെള്ളം മുതല്‍ സാമ്പത്തിക ഉത്‌പാദനക്ഷമത വരെ എല്ലാത്തിന്റെയും താളം തെറ്റിക്കാന്‍ കാലാവസ്ഥ വ്യതിയാനത്തിന്‌ സാധിക്കുമെന്നും പഠനത്തിൽ പറയുന്നുണ്ട്. 2024ല്‍ ഭൂമിയിലെ കരഭാഗത്തിന്റെ 61 ശതമാനം പ്രദേശത്തും കടുത്ത വരള്‍ച്ച നേരിട്ടതായും ഇത്‌ 1950കളിലെ വരൾച്ചയുടെ മൂന്നിരട്ടിയാണെന്നും പഠനറിപ്പോര്‍ട്ട്‌ പറയുന്നുണ്ട്. 2024ല്‍ കാട്ടു തീ പുക മൂലം മരണപ്പെട്ടത്‌ 1,54,000 പേരാണ്. 

ഡങ്കിപ്പനി പോലുള്ള സാധ്യതകൾ വർദ്ധിച്ചു

കൂടുതല്‍ ഉഷ്‌ണമുള്ളതും നനഞ്ഞതുമായ സാഹചര്യങ്ങള്‍ മൂലം ഡെങ്കിപ്പനിയുടെ വ്യാപന സാധ്യത ഏതാണ്ട്‌ 50 ശതമാനം വര്‍ദ്ധിച്ചതായും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. കടുത്ത ഉഷ്‌ണം മൂലമുള്ള തൊഴില്‍ ഉത്‌പപാദന നഷ്ടം 2024ല്‍ ഒരു ട്രില്യണ്‍ ഡോളര്‍ തൊട്ടതായും ചൂട്‌ മൂലമുള്ള രാത്രി കാലങ്ങളിലെ ഉറക്കം 9 ശതമാനം നഷ്ടമായതായും റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടുന്നുണ്ട്. ഏതായാലും മനുഷ്യൻ്റെ പ്രവർത്തികൾ ഇനിയും ഇതുപോലെ തുടരുകയാണെങ്കിൽ ഇനിയുള്ള വർഷങ്ങളിൽ കഠിനമായ ചൂടായിരിക്കും അനുഭവപ്പെടുക. ഇത് ഒഴിവാക്കാൻ ഇപ്പോഴേ അതിനുള്ള വഴികൾ കണ്ടെത്തേണ്ടത് പ്രധാനമാണ്. ഇല്ലെങ്കിൽ ചൂടുകാരണം കൂടുതൽ മരണങ്ങൾ കാണേണ്ടിവരും.

English news : Discover how climate change disrupts food, water, and economic productivity. A 2024 report reveals severe droughts affecting 61% of land and rising fatalities.