ഒമാനിൽ കനത്ത മഴ, പ്രളയം: സ്കൂളുകൾക്ക് അവധി

ഒമാനിൽ ശക്തമായ മഴയിൽ പലയിടത്തും പ്രാദേശിക പ്രളയം. തിങ്കളാഴ്ച വൈകിട്ടു മുതൽ രാജ്യത്തിന്റെ മിക്ക മേഖലകളിലും ശക്തമായ മഴയോ ഇടത്തരം മഴയോ ലഭിച്ചു. ന്യൂനമർദ പാത്തി ഒമാനിൽ രണ്ടു ദിവസം കനത്ത മഴക്കും പ്രാദേശിക പ്രളയത്തിനും ഇടയാക്കുമെന്ന് കഴിഞ്ഞ ദിവസം മെറ്റ്ബീറ്റ് വെതർ ഉൾപ്പെടെ കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രളയത്തെ നേരിടാൻ ഒമാൻ കാലാവസ്ഥാ ഏജൻസിയും റോയൽ ഒമാൻ പൊലിസും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. സ്‌കൂളുകൾക്ക് അവധിയും മഴ തുടങ്ങുന്നതിന് മുൻപേ പ്രഖ്യാപിച്ചിരുന്നു. വാദികൾ മുറിച്ചു കടക്കുന്നതും താഴ്‌വാര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും സർക്കാർ നിർദേശിച്ചിരുന്നു.

അൽ ബാത്തിന, മുസന്ദം, അൽ ദാഖിറ എന്നിവിടങ്ങളിൽ കനത്ത മഴയും പ്രളയവും ഉണ്ടായെന്ന് ഒമാൻ മീറ്റിയോറളജിസ്റ്റുകൾ പറഞ്ഞു. വടക്കൻ അൽ ഷറഖിയയിൽ ശക്തമായ മഴ ലഭിച്ചതായും ബുറൈമി, സൗത്ത് ബാത്തിന എന്നിവിടങ്ങളിൽ ഇടിയോടെ മഴ ലഭിക്കുമെന്നും ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയുടെ ദൃശ്യങ്ങളും മുന്നറിയിപ്പുകളും ഒമാൻ പൊലിസ് ട്വിറ്ററിൽ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ദാഖിലിയ ഗവർണറേറ്റിൽ പേമാരിയെ തുടർന്ന് ട്രാഫിക് സംവിധാനം താറുമാറായി.

Leave a Comment