വീണ്ടും ന്യൂനമർദ്ദം : ഒമാനിലും യു.എ.ഇയിലും നാളെ (04/03/24) മുതൽ വീണ്ടും ശക്തമായ മഴ സാധ്യത
ഒമാനിലും യു.എ.ഇയിലും നാളെ (04/03/24) മുതൽ വീണ്ടും ന്യൂനമർദ്ദത്തെ തുടർന്ന് മഴ സാധ്യത. ബുധനാഴ്ച വരെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കും. മാർച്ച് 8 വെള്ളിയാഴ്ച മുതൽ മറ്റൊരു ന്യൂനമർദത്തെ തുടർന്ന് വീണ്ടും മഴ സാധ്യതയുണ്ട്. ഒമാനൊപ്പം തെക്കുകിഴക്കൻ സൗദി അറേബ്യ, UAE, ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കുമെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്.
കഴിഞ്ഞ ആഴ്ച വിവിധ വിലായത്തുകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ബറക്കയിലാണ് ഏറ്റവും കൂടുതൽ മഴ റിപ്പോർട്ട് ചെയ്തത്. 134 മി.മി മഴയാണ് ഇവിടെ ലഭിച്ചത്.
ഇബ്രിയിലെ അൽ റെയ്ബയിൽ രണ്ടു കുട്ടികളുടെ മരണത്തിനും മഴ കാരണമായിരുന്നു. ഇസ്കി , ഷിനാവ് എന്നിവിടങ്ങളിൽ നിരവധി റോഡുകളും അടച്ചിരുന്നു.
തിങ്കളാഴ്ച മുതലാണ് അടുത്ത മഴ ശക്തമാകുക. ഇതേ തുടർന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നു രാത്രിയിലും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും മഴ ലഭിക്കുമെന്ന് Metbeat Weather ഉം അറിയിച്ചു. തുടർച്ചയായ കാലാവസ്ഥ മാറ്റം ഒമാൻ, UAE എന്നിവിടങ്ങളിലെ ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും.
മുസന്ദം, നോർത്ത് ബാത്തിന, ബുറൈമി എന്നിവിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ട്. ഇവിടെ മേഘങ്ങൾ കേന്ദ്രീകരിക്കും. മലവെള്ളപാച്ചിൽ ഉണ്ടാകും. വാദികൾ കരകവിയാൻ സാധ്യത. ഹജർ പർവതത്തിലും ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കാം. ചൊവ്വാഴ്ച 10 – 15 എം.എം മഴ ഇടിയോടെ ലഭിക്കും.
മാർച്ച് 8 വെള്ളിയാഴ്ച മുതൽ ഒമാനിൽ വീണ്ടും മഴ സാധ്യത ഉണ്ടെന്ന് Metbeat Weather പറഞ്ഞു. റമദാൻ തുടങ്ങുന്നതിന് മുന്നോടിയായി വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിക്കും. കേരളത്തിൽ ചൂടാണെങ്കിലും റമദാൻ തുടക്കം ഗൾഫിൽ നല്ല കാലാവസ്ഥയാകും.
ഒമാനിൽ കടലും പ്രക്ഷുബ്ധമാകും. കടൽ തിരമാല 2 -3 മീറ്റർ വരെ ഉയരത്തിൽ അടിക്കാം.