ഓമാനിൽ കാലവർഷം തുടങ്ങി

സലാല: ഒമാനിൽ കാലവർഷം (ഖരീഫ് സീസൺ ) തുടങ്ങി. കേരളത്തിന്റെ സമാന ഭൂപ്രകൃതിയിലുള്ള സലാലയിൽ ആണ് മഴക്കാലം സജീവമാകുന്നത്. ദോഫാർ ഗവർണറേറ്റ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ മൺസൂൺ ആണ് ഖരീഫ് സീസൺ. ഔദ്യോഗിക കലണ്ടർ പ്രകാരം ജൂൺ 21 മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് ഖരീഫ് സീസൺ.

കാലവർഷ മേഘങ്ങൾ ദോഫാർ ഗവർണറ്റിന്റെ മലനിരകളിൽ ദൃശ്യമാണ് എന്ന് ഒമാൻ കാലാവസ്ഥ വകുപ്പ് പറഞ്ഞു. ചാറ്റൽ മഴയും മൂടൽ മഞ്ഞും അടുത്ത ദിവസങ്ങളിൽ തുടരും. സലാലയിലും മറ്റും ടൂറിസ്റ്റ് സീസൺ കൂടിയാണ് ഖരീഫ് സീസൺ. കൃഷിക്കും ഈ സീസണെയാണ് ആശ്രയിക്കുന്നത്. ജൂലൈയിലാണ് സലാലയിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഒമാൻ എയർവേസ് ഖരീഫ് സീസണിൽ മസ്കത്തിൽ നിന്ന് സലാലയിലേക്ക് പ്രതിവാരം 112 സർവിസുകൾ നടത്തുന്നുണ്ട്.

ഗൾഫ് പൊള്ളുമ്പോൾ സലാലയിൽ മഴക്കാലം

ഗൾഫ് പൊള്ളുന്ന ചൂടിലാണ്. 45 ഡിഗ്രിയാണ് പലയിടത്തും താപനില. ഈ സമയത്താണ് ഒമാനിലെ സലാലയിൽ മഴക്കാലം എത്തുന്നത്. കേരളത്തിന് സമാനമായ ഭൂപ്രകൃതിയാണ് ഒമാനിലെ സലാലയിൽ ഉള്ളത്. സലാലയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളും മഴക്കാലത്തോടെ സജീവമാകും. അയൻ റസാത്ത് , അയൻ ജാർസിസ്, വാദി ദർബാത്ത് തുടങ്ങിയ വെള്ളച്ചാട്ടങ്ങളും ഖരീഫ് സീസണിൽ സഞ്ചാരികളെ ആകർഷിക്കുന്നു. സീസണു വേണ്ടി എല്ലാ ഒരുക്കങ്ങളും നടത്തിയതായി ഗവർണറേറ്റ് അധികൃതർ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെറിട്ടേജ് ,ടൂറിസം, കൊമേഴ്സ്, ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ തുടങ്ങിയ വകുപ്പുകൾ സംയുക്ത യോഗം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. റോഡുകളും മറ്റു പൊതുഗതാഗത സൗകര്യങ്ങളും കുറ്റമറ്റതാണെന്ന് യോഗം വിലയിരുത്തി.

ദുരന്തനിവാരണത്തിനായി സിവിൽ ഡിഫൻസും സഞ്ചാരികളുടെ ഗതാഗത സൗകര്യങ്ങൾക്കായി റോയൽ ഒമാൻ പോലീസും കോസ്റ്റ് ഗാർഡിന്റെ മറൈൻ ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ട പ്രദേശങ്ങളും ദോഫാർ ഗവർണറേറ്റിലുണ്ട്.

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment