വടക്കൻ കേരളത്തിൽ മഴ ശക്തം: വീടുകൾ തകർന്നു

സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് തിരുവമ്പാടിയിൽ ശക്തമായ മഴയിൽ വീട് തകർന്നു. താഴെ തിരുവമ്പാടി, കുനിയൻ പറമ്പത്ത് ഇടത്തിൽ ഗോപിയുടെ വീടാണ് തകർന്നത്.

കോഴിക്കോട് പതങ്കയം വെളളച്ചാട്ടത്തിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ നിർത്തി വച്ചിരുന്നു.ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ വൈകീട്ടാണ് ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്‍നി വെളളച്ചാട്ടത്തിൽ അകപ്പെട്ടത്. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.

പാലക്കാട് നെല്ലിയാമ്പതിയിലും ശക്തമായ മഴയുണ്ടായി. പുലർച്ചെ തുടങ്ങിയ മഴ തുടരുകയാണ്. രണ്ട് വീടുകളിൽ വെള്ളം കയറി. കോട്ടയത്ത് ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. പാലാ ഇടനാട് പാറത്തോട് ശ്രീനിവാസന്റെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. പാലയിൽ ശക്തമായ മഴ തുടരുകയാണ്.

കണ്ണൂർ പയ്യന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. കുളങ്ങര യശോദയുടെ വീടാണ് പുലർച്ചെ തകർന്നത്.അപകടം നടക്കുമ്പോൾ യശോദയും മകൻ രാജേഷും ഭാര്യയും 2 കുട്ടികളും വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ജൂലൈ 10 വരെ നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment