ഒരു ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു. തുലാവർഷത്തിന് (North East Monsoon) മുന്നോടിയായി ഇടിയോടു കൂടെയുള്ള മഴയാണ് അടുത്ത ദിവസം കേരളത്തിൽ പ്രതീക്ഷിക്കേണ്ടത്. തെക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട കിഴക്കൻ മഴ തുടരും. ബുധനാഴ്ചയോടെ ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപത്തായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ബംഗാൾ ഉൾക്കടലിൽ നിന്ന് കൂടുതൽ ഈർപ്പത്തെ ദക്ഷിണേന്ത്യയിൽ എത്തിക്കും. ഇന്നും (വെള്ളി) നാളെയും തെക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഞായറാഴ്ച വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴികളും ന്യൂനമർദവും കേരളത്തിൽ വീണ്ടും മഴ സജീവമാകാൻ കാരണമാകുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. കിഴക്കൻ മലയോര മേഖലകളിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യം അടുത്ത ആഴ്ചകളിൽ ഉടലെടുത്തേക്കും. പെട്ടെന്നുള്ള മഴയിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സമയങ്ങളിൽ കിഴക്കൻ മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കേണ്ടതാണ്. ഉച്ചയ്ക്കുശേഷം ഒറ്റപ്പെട്ട ശക്തമായ മഴ വന മേഖലകളിൽ പെയ്യാൻ സാധ്യതയുള്ളതിനാൽ അരുവികളിലും നീർച്ചാലുകളിലും ഇറങ്ങുന്നതും കുളിക്കുന്നതും സുരക്ഷിതമല്ല. ഇടനാട് പ്രദേശങ്ങളിൽ മഴ ഇല്ലെന്നു കരുതി നീർച്ചാലുകളിലും മറ്റും ഇറങ്ങുന്നത് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും തുടർന്ന് അപകടങ്ങൾക്കും കാരണമാകും.
ഇപ്പോൾ ഉത്തർപ്രദേശിൽ എത്തിനിൽക്കുന്ന കാലവർഷ പിന്മാറ്റം (withdrawal of south west monsoon) അടുത്ത അഞ്ചുദിവസത്തിൽ മഹാരാഷ്ട്ര വരെ പുരോഗമിക്കാനാണ് സാധ്യതയെന്നും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. വരാനിരിക്കുന്ന ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷ പിന്മാറ്റം അല്പം വൈകാൻ സാധ്യതയുണ്ട്. ഈ മാസം 18നും 20നും ഇടയിൽ തുലാവർഷം തമിഴ്നാട്ടിൽ എത്താനാണ് സാധ്യത എന്നും ഇപ്പോഴത്തെ നിഗമനം. കൂടുതൽ വിവരങ്ങൾക്കായി മെറ്റ്ബീറ്റ് വെതർ , weatherman kerala ഫേസ്ബുക്ക് പേജിൽ ഞങ്ങളെ പിന്തുടരാം. തൽസമയ ഇടിമിന്നൽ മുന്നറിയിപ്പ് , പ്രാദേശിക കാലാവസ്ഥ ഫോർകാസ്റ്റ് എന്നിവയ്ക്ക് MetbeatWeatherApp ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.