കാലവർഷം ലക്ഷദ്വീപിൽ; കേരളത്തിൽ എത്താൻ വൈകും

തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ലക്ഷദ്വീപിൽ എത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് (IMD) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ന് കാലവർഷം അറബിക്കടലിന്റെ തെക്കു കിഴക്കൻ മേഖലയിലും ബംഗാൾ ഉൾക്കടലിൽ കൂടുതൽ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. സാധാരന്ന കേരളത്തിൽ എത്തിയ ശേഷമാണ് കാലവർഷം ലക്ഷദ്വീപിൽ എത്തുന്നത്. കാലവർഷം മെയ് 27ന് കേരളത്തിലെത്തും എന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാൽ അടുത്ത രണ്ട് – മൂന്ന് ദിവസത്തിനു ശേഷമേ കേരളത്തിൽ കാലവർഷം എത്താൻ സാധ്യതയുള്ളൂ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പുതിയ നിരീക്ഷണം. ഇതു പ്രകാരം മെയ് അവസാനമോ ജൂൺ ഒന്നിനോ മാത്രമേ കാലവർഷം കേരളത്തിൽ എത്തുകയുള്ളൂ എന്നാണ് ഇപ്പോൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.
തെക്കൻ അറബി കടലിൽ അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിലും പടിഞ്ഞാറൻ കാറ്റ് സജീവമാണെന്നും കേരള തീരത്ത് തെക്കു കിഴക്കൻ അറബിക്കടലിൽ മേഘ രൂപീകരണം സജീവമാണെന്നും ഇത് കേരളത്തിൽ ജൂൺ ഒന്നിനകം കാലവർഷം എത്തും എന്നതിന്റെ അനുകൂല സാഹചര്യം ആണെന്നും ഐ എം. ഡി. വിശദീകരിച്ചു. കേരളത്തിൽ കാലവർഷം എത്തേണ്ട സാധാരണ തിയതി ജൂൺ ഒന്നാണ്. നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെ ഉള്ള ഏജൻസികൾ നേരത്തെ കേരളത്തിൽ കാലവർഷം എത്തുമെന്ന് പ്രവചിച്ചിരുന്നു. മെയ് 15 മുതൽ പടിഞ്ഞാറൻ കാറ്റ് കേരളത്തിൽ സജീവമാകുകയും കനത്ത മഴ നൽകുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങൾ പൂർത്തിയാകാത്തതിലാണ് ഐ.എം.ഡി കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കാതിരുന്നത്. ഈ ആഴ്ച മഴ ബ്രേക്ക് സാഹചര്യത്തിലേക്ക് നീങ്ങുമെന്നും അതിനാൽ കാലവർഷ സ്ഥിരീകരണം പ്രയാസമാകുമെന്നും മെറ്റ്ബീറ്റ് വെതർ ഉൾപ്പെടെ ഉള്ള നിരീക്ഷകർ കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നു. കാലാവസ്ഥ വകുപ്പിന്റെ പ്രവചന മാതൃക (NWP) പ്രകാരം june 1 മുതൽ മഴ കേരളത്തിൽ സാധാരണയേക്കാൾ കുറയും എന്നാണ് പറയുന്നത്.

Leave a Comment