ഇന്നലെ ശ്രീലങ്കയിൽ കരകയറിയിറങ്ങിയ തീവ്രന്യൂനമർദം ഇന്ന് രാവിലെ വീണ്ടും മാന്നാർ കടലിടുക്കിലെത്തി. വെൽ മാർക്ഡ് ലോ പ്രഷർ ആയി രാവിലെ ശക്തി കുറഞ്ഞ സിസ്റ്റം വൈകിട്ടോടെ വീണ്ടും ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറിയിട്ടുണ്ട്. ന്യൂനമർദം ഇപ്പോൾ കന്യാകുമാരി കടലിലാണ് സ്ഥിതി ചെയ്യുന്നത്. നാളെയോടെ ന്യൂനമർദം വീണ്ടും ദുർബലപ്പെട്ട് ഇല്ലാതാകാനാണ് സാധ്യത.
നാളെ മുതൽ മഴ കുറയും
തെക്കൻ കേരളത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി ഇടവിട്ട് പെയ്യുന്ന മഴ നാളെയോടെ കുറയും. ന്യൂനമർദം ദുർബലമായി അറബിക്കടലിലേക്ക് നീങ്ങിയാലും ഈർപ്പുമുള്ള കിഴക്കൻ കാറ്റ് ബംഗാൾ ഉൾക്കടലിൽ നിന്ന് കേരളത്തിലെത്തും. അടുത്ത 12 മണിക്കൂറിൽ തെക്കൻ കേരളം, തെക്കൻ തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത നിലനിൽക്കുന്നു.
കടലിൽ കാറ്റ് തുടരും
മാന്നാർ കടലിടുക്കിൽ നാളെവരെ മണിക്കൂറിൽ 55 കി.മിഉം കന്യാകുമാരി കടലിലും തെക്കൻ തമിഴ്‌നാട് തീരത്തും മണിക്കൂറിൽ 50-55 കി.മി വേഗത്തിലും കാറ്റ് നാളെ വരെ തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പാലിച്ചേ കടലിൽ പോകാവൂ. ചെറു വള്ളങ്ങൾക്ക് ഈ കാലാവസ്ഥ അനുകൂലമാകാൻ ഇടയില്ല.