kerala weather 18/05/25 : അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത, നാളെ മുതല്‍ മഴ കനക്കും
കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി കര്‍ണാടകയ്ക്കു സമീപം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ഈ മാസം 21 ഓടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. നിലവില്‍ കര്‍ണാടക തീരത്തിനു സമീപം അറബിക്കടലില്‍ അന്തരീക്ഷച്ചുഴി (Upper Air Circulation) രൂപപ്പെട്ടിട്ടുണ്ട്. ഈ മേഖലയില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തിപ്പെട്ട ശേഷം വടക്കോട്ട് ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാന് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴി
ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് കാലവര്‍ഷത്തെ അവിടെ സജീവമാക്കി നിര്‍ത്തും. കാലവര്‍ഷം നിലവില്‍ ശ്രീലങ്കവരെയെത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ തെക്കന്‍ മേഖലയിലാണ് കാലവര്‍ഷം ഇന്നലെ (മെയ് 17 ) ന് എത്തിയത്. മ്യാന്‍മറിലും ഇതേ ദിവസം കാലവര്‍ഷം എത്തി. ഈ മാസം 13 നാണ് കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ കടലില്‍ എത്തിയത്. കന്യാകുമാരി കടലിലും കാലവര്‍ഷം ഇന്നലെ സാന്നിധ്യം അറിയിച്ചു.
കന്യാകുമാരി മേഖല, മാലദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലേക്കും അടുത്ത നാലു ദിവസത്തിനകം കാലവര്‍ഷം പുരോഗമിക്കും. മുകളില്‍ സൂചിപ്പിച്ച ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ കാലവര്‍ഷം കേരളത്തിലേക്ക് എത്താനുള്ള അന്തരീക്ഷസ്ഥിതി ഉടലെടുക്കും. ഇന്നു മുതല്‍ തന്നെ കേരളത്തില്‍ ഒറ്റപ്പെട്ട മഴ സജീവമാകും.
മെയ് 25 ഓടെ കാലവര്‍ഷം
മെയ് 27 ന് കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മെയ് 25 ഓടെ കാലവര്‍ഷം എത്തിയെന്ന് സ്ഥിരീകരിക്കാനാകുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ അനുമാനം. കേരളത്തില്‍ എല്ലാ ജില്ലകളിലും ഇന്ന് (മെയ് 18) ന് മഴ സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. എറണാകുളം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ശക്തമായ മഴക്ക് സാധ്യത.
എല്ലാ ജില്ലകളിലും മഴ കനക്കും
തിങ്കളാഴ്ച കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ കനക്കും. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ലക്ഷദ്വീപിലും അറബിക്കടലിലും മഴ സജീവമാകും.
visit for local weather update : metbeat.com