ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, കേരളത്തിലും തമിഴ്‌നാട്ടിലും മഴ സാധ്യത
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. കഴിഞ്ഞ 36 മണിക്കൂറായി ചക്രവാത ചുഴിയായി തുടര്‍ന്ന ശേഷം ഇന്ന് രാവിലെയോടെയാണ് ന്യൂനമര്‍ദമായി ശക്തിപ്പെട്ടത്. അടുത്ത 48 മണിക്കൂറില്‍ ഈ സിസ്റ്റ് വീണ്ടും ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദമായി തമിഴ്‌നാട് തീരത്തേക്ക് നീങ്ങും. ഇതിന്റെ ഭാഗമായി തമിഴ്‌നാട് തീരത്ത് ഇന്നു മുതല്‍ മഴയുണ്ടാകും.
തമിഴ്‌നാട്ടില്‍ മഴ കനക്കും
ന്യൂനമര്‍ദം ശക്തിപ്രാപിച്ച് മധ്യ തമിഴ്‌നാടിനും വടക്കന്‍ തമിഴ്‌നാടും ഇടയിലുള്ള തീരത്തേക്കാണ് നീങ്ങാന്‍ സാധ്യത. പുതുച്ചേരി മുതല്‍ ചെന്നൈ വരെയുള്ള മേഖലകളില്‍ ഇന്ന് മഴയുണ്ടാകും. തെക്കന്‍ ആന്ധ്രാപ്രദേശ് വരെ ശക്തമായ മഴ അടുത്ത ദിവസങ്ങളില്‍ തുടരും. പുതുച്ചേരി മുതല്‍ ചെന്നൈ വരെ പ്രാദേശിക വെള്ളക്കെട്ടുകള്‍ക്ക് കാരണമാകുന്ന മഴ ഉണ്ടാകുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.
വടക്കന്‍ തമിഴ്‌നാട്ടില്‍ വെള്ളക്കെട്ട് സാധ്യത
ഇന്നലെ രാത്രി മുതല്‍ ചെന്നൈയില്‍ മഴ ലഭിച്ചിരുന്നു. രാവിലെയോടെ മഴ ശക്തിപ്പെട്ടു. ഈ മാസം 17 വരെ പുതുച്ചേരി മുതല്‍ തെക്കന്‍ ആന്ധ്രാപ്രദേശ് വരെയുള്ള മേഖലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രാദേശിക കാലാവസ്ഥാ അപ്‌ഡേഷനുകള്‍ കൂടി പരിഗണിക്കുന്നത് നല്ലതാണ്.
അറബിക്കടല്‍ ന്യൂനമര്‍ദം ഒമാനിലേക്ക്
മധ്യ അറബിക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം ഒമാനിലേക്ക് നീങ്ങുന്നു. നിലവില്‍ ഒമാനിലെ മാസിറ ദ്വീപില്‍ നിന്ന് 800 കി.മി അകലെയാണ് സ്ഥാനം. സലാലയില്‍ നിന്ന് 1120 കി.മി ഉം അകലെയാണ്. ന്യൂനമര്‍ദം ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രവും മുന്നറിയിപ്പുകള്‍ നല്‍കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ മുന്നറിയിപ്പകള്‍ ഉണ്ടാകും.
കേരളത്തിനു മുകളില്‍ ന്യൂനമര്‍ദപാത്തി
മധ്യ അറബിക്കടലിലെ തീവ്രന്യൂനമര്‍ദത്തില്‍ നിന്ന് കന്യാകുമാരി കടല്‍ വരെ തെക്കന്‍ കേരളത്തിനു മുകളിലൂടെ ഒരു ന്യൂനമര്‍ദപാത്തിയും തുടരുന്നു. തമിഴ്‌നാടിന് മുകളില്‍ അന്തരീക്ഷത്തിന്റെ മധ്യ ഉയരത്തില്‍ ഒരു അന്തരീക്ഷച്ചുഴിയും ഉണ്ട്. ഇത് കേരളത്തില്‍ ഉച്ചയ്ക്ക് ശേഷവും രാത്രിയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക് കാരണമായേക്കും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page