ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം: ഒഡിഷയിൽ കരകയറും; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത

M ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം: ഒഡിഷയിൽ കരകയറും; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഇന്നുമുതൽ വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഇന്ത്യയിൽ കരകയറും. അടുത്ത മൂന്നു ദിവസത്തിനുള്ളിൽ ഒഡീഷയിൽ കരകയറാനാണ് സാധ്യത. ന്യൂനമർദ്ദത്തെ തുടർന്ന് ബംഗാൾ ഉൾക്കടലിൽ മേഘ രൂപീകരണം ശക്തിപ്പെട്ടിട്ടുണ്ട്. ഇതുമൂലം തമിഴ്നാട്ടിൽ നിന്നും ഒറ്റപ്പെട്ട മഴ പകൽ പ്രതീക്ഷിക്കാം.

കേരളത്തിന് മുകളിലൂടെ ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലേക്ക് എത്തുന്ന കാലവർഷ കാറ്റ് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിലേക്ക് ആകർഷിക്കുന്നുണ്ട്. ഇത് മൂലം അറബിക്കടലിൽ നിന്ന് ഉണ്ടാകുന്ന മേഘങ്ങൾ കേരളത്തിൽ എത്താനും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കുന്ന മഴക്കും കാരണമായേക്കാം എന്നാണ് ഞങ്ങളുടെ നിരീക്ഷണം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നേരിട്ട് കേരളത്തെ സ്വാധീനിക്കുകയോ കേരളത്തിൽ വലിയ തോതിലുള്ള മഴ നൽകുകയോ ചെയ്യില്ല. എന്നാൽ കേരളത്തിന്റെ കിഴക്കൻ അതിർത്തി മേഖലകളിൽ വൈകിട്ട് ഇടിയോടുകൂടിയുള്ള മഴക്കും തീരപ്രദേശങ്ങളിൽ ഏതാനും കിലോമീറ്റർ മാത്രം വ്യാപിക്കുന്ന ചെറു മഴക്കും സാധ്യതയുണ്ട്.

കേരളത്തിലെ മഴക്കുറവിനെ പരിഹരിക്കാനുള്ള മഴയൊന്നും ഈ മാസം ലഭിക്കാനില്ല. ന്യൂനമർദ്ദം ഒഡീഷയിലേക്ക് അടുക്കുമ്പോൾ കേരളത്തിന്റെ കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാറ്റിന്റെ പാറ്റേണിലും വേഗതയിലും മാറ്റം വരുന്നത് മൂലമാണിത്. ഇപ്പോഴത്തെ കാറ്റിന്റെ പാറ്റേൺ വിശകലനം ചെയ്യുമ്പോൾ കേരളത്തിൽ കൂടുതൽ ശക്തമായി മഴ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. പക്ഷേ, അറബിക്കടലിൽ മേഘരൂപീകരണം വളരെ കുറവാണ്.
Madden–Julian oscillation (MJO) ഉൾപ്പെടെയുള്ള ആഗോള കാലാവസ്ഥ ഘടകങ്ങൾ നിലവിൽ കേരളത്തിൽ മഴ നൽകാൻ അനുകൂലമല്ല. MJO വീണ്ടും അനുകൂലമാകുന്നത് അടുത്തമാസം പത്തിന് ശേഷമാണ്. ഈ സമയത്ത് കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്ഥ അവലോകന റിപ്പോർട്ടുകളിൽ metbeatnews.com പറഞ്ഞിരുന്നു.

തമിഴ്നാട്ടിൽ ഇന്ന് മഴ സാധ്യത

കിഴക്കൻ കാറ്റിന്റെ സ്വാധീനം മൂലം തമിഴ്നാട്ടിലേക്ക് ബംഗാളും കടലിൽ നിന്നുള്ള മേഘങ്ങൾ കരകയറുകയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ നൽകുകയും ചെയ്യും. ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്നാട് മേഖലയിലാണ് കൂടുതൽ മഴക്ക് സാധ്യത. മധുരൈ , തിരുച്ചിറപ്പള്ളി തുടങ്ങിയ തെക്കൻ തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴ ലഭിക്കും. കിഴക്കൻ കാറ്റ് തുറമ്പട്ടെങ്കിലും കേരളത്തിന്റെ കിഴക്കൻ മേഖലയിൽ എത്തുന്നതാണ് കിഴക്കൻ മേഖലയിൽ ഇടിയോടുകൂടിയുള്ള മഴക്ക് കാരണമാവുക.

ഇതു ശ്രദ്ധിക്കുക
വിനോദസഞ്ചാരത്തിനും മറ്റും കേരളത്തിന്റെ കിഴക്കൻ മേഖലയിലേക്ക് പോകുന്നവർ അരുവികളിലും നീർച്ചാലുകളിലും ഉച്ചക്ക് ശേഷം കുളിക്കുന്നത് സുരക്ഷിതമല്ല. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാലാണ് ഇത്. മലയോര മേഖലകളിൽ യാത്രചെയ്യുന്നവർ അവിടെയുള്ളവർ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുക. എല്ലാ പ്രദേശങ്ങളിലും മഴയുണ്ടാകില്ല എന്നാൽ കാടിനുള്ളിലും മറ്റും മഴ പെയ്യുന്നത് നമുക്ക് അറിയാൻ കഴിഞ്ഞെന്നു വരില്ല. ഇവിടെനിന്ന് ഉള്ള വെള്ളമാണ് അരുവികൾ വഴി പെട്ടെന്ന് എത്തുക. പുതിയ കാലാവസ്ഥ വിവരങ്ങൾ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റുകൾ ആയ metbeatnews.com, metbeat.com സന്ദർശിക്കുക.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment