ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു
ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടര്‍ന്ന് ഇന്ന് വൈകിട്ടോടെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ന്യൂനമര്‍ദം രൂപപ്പെട്ടകാര്യം കേന്ദ്ര കാലാവസ്ഥാ വകുപ്പും സ്ഥിരീകരിച്ചു.

ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടല്‍ ശാന്തമായതിനാല്‍ കാലവര്‍ഷവും തെക്കന്‍, കിഴക്കന്‍ ഇന്ത്യയില്‍ മന്ദഗതിയിലാണ്. ഓഗസ്റ്റ് 15 വരെയുള്ള കണക്കനുസരിച്ച് കിഴക്കന്‍ ഇന്ത്യയില്‍ 65 ശതമാനം മഴക്കുറവുണ്ട്. വീണ്ടും മണ്‍സൂണ്‍ ശക്തിപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒന്നും ഇല്ലാത്തപ്പോഴാണ് പ്രതീക്ഷയേകി ന്യൂനമര്‍ദം രൂപപ്പെടുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദം ബംഗാള്‍, ബംഗ്ലാദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡിഷ എന്നിവിടങ്ങളില്‍ കൂടുതല്‍ മഴ നല്‍കും. തീരത്തോട് ചേര്‍ന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയിലില്ല. ഓഗസ്റ്റ് 23 വരെ ഈ ന്യൂനമര്‍ദത്തിന്റെ സ്വാധീനം നിലനില്‍ക്കും. ഒഡിഷ, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും കരകയറിയ ശേഷം ന്യൂനമര്‍ദം മഴ നല്‍കും. കിഴക്ക്, വടക്കു പടിഞ്ഞാറ്, മധ്യ ഇന്ത്യയില്‍ ഇന്നു മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നാളെ മുതല്‍ ചിലയിടങ്ങളില്‍ ഭാഗികമായി മേഘാവൃതമോ ഒറ്റപ്പെട്ട മഴയോ ലഭിക്കാം. തീരദേശങ്ങളില്‍ ഏറെ നേരം നീണ്ടു നില്‍ക്കാത്ത മഴ രാത്രി വൈകിയും പുലര്‍ച്ചെയും പ്രതീക്ഷിക്കാം. കിഴക്കന്‍ മലയോര മേഖലയില്‍ ഇടിയോടു കൂടിയ മഴയും പ്രതീക്ഷിക്കാം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതുപോലെ കേരളത്തില്‍ മഴക്കുറവിനെ പരിഹരിക്കാനുള്ള മഴയൊന്നും കേരളത്തില്‍ ഈ മാസമോ അടുത്ത മാസമോ ലഭിക്കാന്‍ സാധ്യതയില്ല.

Leave a Comment