റെക്കോർഡ് മഴയിൽ ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര സംസ്ഥാനത്ത് 10000 കോടിയുടെ നാശനഷ്ടം

ദിവസങ്ങളായി തുടരുന്ന റെക്കോർഡ് മഴയിലും ഉരുൾപ്പൊട്ടലിലും ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര സംസ്ഥാനമായ ഹിമാചൽപ്രദേശിലുണ്ടായത് 10,000 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്.പൊതുമരാമത്ത് വകുപ്പിന് മാത്രം 2491 കോടിയുടേയും ദേശീയപാത അതോറിറ്റിക്ക് 1,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് കണക്കാക്കുന്നത്. പേമാരി തകർത്ത സംസ്ഥാനത്തിന്റെ പുനർ നിർമാണം വലിയ വെല്ലുവിളി ഉയർത്തുന്നതാണെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു പറയുന്നു.

ഇതിനായി ഒരു വര്‍ഷത്തെ സമയമെങ്കിലും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷിംലയിലെ ശിവക്ഷേത്രം തകർന്നുണ്ടായ അപകടത്തിൽ മരണം 21 ആയി. ഇതോടെ ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലുംപെട്ട് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 74 ആയി.

അതേസമയം മൺസൂൺ ആരംഭിച്ച് 55 ദിവസത്തിനുള്ളിൽ 113 ഉരുൾപ്പൊട്ടലാണ് സംസ്ഥാനത്തുണ്ടായത്. ഷിംലയിലെ സമ്മർ ഹില്ലിലെ റെയിൽവേ ട്രാക്കുകളുടെ ഒരു ഭാഗം കനത്ത മഴയെ തുടർന്ന് ഒലിച്ചുപോയി. വ്യോമസേനയും കരസേനയും എന്‍ഡിആര്‍എഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്താണ് ഈ വര്‍ഷം ഹിമാചലിൽ മഴ പെയ്യുന്നത്. ഹിമാചലിലെ ഭൂപ്രകൃതിക്കനുസൃതമല്ലാത്ത അശാസ്ത്രീയ നിർമാണപ്രവർത്തനമാണ് അടിയ്ക്കടിയുണ്ടാകുന്ന മണ്ണൊലിപ്പിന്റെ കാരണമായി വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഷിംല, സോളൻ, മാണ്ഡി, ചമ്പ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഇന്നും കനത്തമഴയുണ്ടാകാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്തമഴയ്ക്ക് ബുധനാഴ്ചയോടെയാണ് നേരിയ ശമനമുണ്ടായത്.

ഉത്തരാഖണ്ഡിലും മഴക്കെടുതികള്‍ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയ പതാകളിലുൾപ്പെടെ ഗതാഗതം തടസപ്പെട്ടു. ഋഷികേശ് – ബദ്രിനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചു പോയതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. റോഡുകള്‍ ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment