ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ അടുത്തയാഴ്ചയിൽ മഴ കനക്കും
അടുത്ത ആഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത. കേരളത്തിൽ വീണ്ടും കനത്ത മഴക്ക് ഇതു കാരണമായേക്കും. ജൂലൈ മാസത്തിൽ രണ്ടാം തവണയാണ് കേരളത്തിൽ കാലവർഷം സജീവമാകാൻ പോകുത്. ഈ മാസം 17 ഓടെ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. തുടർന്ന് ന്യൂനമർദം ശക്തിപ്പെടും. കേരളത്തിൽ ജൂലൈ 19 നും 25 നും ഇടയിൽ എല്ലാ ജില്ലയിലും കനത്ത മഴക്ക് ഇതു കാരണമാകുമൊണ് Metbeat Weather പ്രാഥമിക വിലയിരുത്തൽ.
ബംഗാൾ ഉൾക്കടൽ സജീവമാകുന്നു
കാലവർഷം ജൂണിൽ കേരളത്തിൽ എത്തിയ ശേഷം ഇതുവരെ ബംഗാൾ ഉൾക്കടൽ സജീവമായിട്ടില്ല. ബംഗാൾ ഉൾക്കടലും പടിഞ്ഞാറൻ പസഫിക് സമുദ്രവും ശക്തിപ്പെടുന്നതോടെ കേരളത്തിൽ വീണ്ടും മഴ കനക്കും. ജൂൺ ആദ്യവാരത്തിലും ജൂലൈ ആദ്യ വാരത്തിലും കേരളത്തിൽ ലഭിച്ച മഴ അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തിപ്പെട്ടതും ന്യൂനമർദ പാത്തി (Offshore Trough) സജീവമായതിനെയും തുടർന്നായിരുന്നു. എന്നാൽ ഇനിയുള്ള മഴ ലഭിക്കുന്നത് ബംഗാൾ ഉൾക്കടലിന്റെ സ്വാധീനം മൂലമാണ്. ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ (Madden-Julian Oscillation (MJO) അറബിക്കടലിൽ ആയിരുന്നതും ജൂലൈയിൽ മഴ ശക്തിപ്പെടാൻ കാരണമായി. എം.ജെ.ഒ ബംഗാൾ ഉൾക്കടലിലും പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലും എത്തുന്നത് ന്യൂനമർദങ്ങൾ ഉടലെടുക്കാൻ ഊർജമാകും.
കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും മഴ
രാജ്യത്തിന്റെ മധ്യ, പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിലും ജൂലൈ 17 ന് രൂപപ്പെടുന്ന ന്യൂനമർദം ഹേതുവാകും. വടക്കൻ ബംഗാൾ ഉൾക്കടലിൽ ജൂലൈ 18 ഓടെ ന്യൂനമർദം സജീവമാകുകയും കേരളത്തിൽ ജൂലൈ 19 മുതൽ മഴ മെച്ചപ്പെട്ടു തുടങ്ങുകയും ചെയ്യും. ന്യൂനമർദം ഏതു ദിശയിൽ സഞ്ചരിക്കുമെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. അതിനാൽ കേരളത്തിൽ ഏതെല്ലാം ജില്ലകളിൽ എത്രത്തോളം ശക്തിയിൽ മഴ ലഭിക്കുമെന്നും ഇപ്പോൾ പറയാനാകില്ല. അതിനാൽ തുടർന്നുള്ള ദിവസങ്ങളിലെ നിരീക്ഷണം പിന്തുടരുക. ഇതിനായി metbeatnews.com, metbeat.com വെബ്‌സൈറ്റുകൾ പതിവായി സന്ദർശിക്കുകയും കാലാവസ്ഥാ അവലോകന റിപ്പോർട്ടുകൾ വായിച്ചു മനസിലാക്കുകയും ചെയ്യുക.ഇന്നും (വ്യാഴം) നാളെയും കേരളത്തിൽ ചില ജില്ലകളി്ൽ മഴ നേരിയ തോതിൽ ശക്തിപ്പെടും. വടക്കൻ കേരളത്തിലാണ് മഴ സാധ്യത കൂടുതലും. തുടർച്ചയായ മഴക്ക് സാധ്യതയില്ലെങ്കിലും ഏറെ നേരം നീണ്ടു നിൽക്കാത്ത ഇടത്തരം മഴയോ ശക്തമായ മഴയോ പ്രതീക്ഷിക്കണം.