യമുനാ നദിയിലെ ജലനിരപ്പ് ഉയരുന്നു ; പ്രധാന റോഡുകൾ വെള്ളത്തിനടിയിലായി

ഉത്തരേന്ത്യയില്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് യമുന നദിയില്‍ ജലനിരപ്പ്‌ ഉയരുകയാണ്. യമുനാ നദിയിലെ ജലനിരപ്പ്‌ 45 വർഷം മുമ്പ് സ്ഥാപിച്ച 207.49 മീറ്റർ എന്ന  റെക്കോർഡ് ഗണ്യമായ വ്യത്യാസത്തിൽ മറികടന്നിരിയ്ക്കുകയാണ്. ഇത് നദിക്ക് സമീപം കുടില്‍കെട്ടി താമസിക്കുന്ന  ആളുകളെ വളരെയധികം ബാധിച്ചു.

രാവിലെ എട്ട് മണിക്ക് 208.48 മീറ്ററായിരുന്നു നദിയിലെ ജലനിരപ്പ്, ഇപ്പോഴും ഉയരുകയാണ്. കരകവിഞ്ഞൊഴുകിയ വെള്ളം രാജ്യതലസ്ഥാനത്തെ പല പ്രധാന റോഡുകളെയും വെള്ളത്തിനടിയിലാക്കി.
നഗരത്തിലെ വെള്ളപ്പൊക്ക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ പ്രത്യേക യോഗം ചേരുമെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.ഡിഡിഎംഎയുടെ വൈസ് ചെയര്‍മാനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചു.

കനത്തമഴയ്ക്കൊപ്പം ഹരിയാനയിലെ ഹഥിനിക്കുണ്ഡ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടതാണ് യമുനയിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമായത്. അപകടരമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകുമെന്നതിനാൽ അണക്കെട്ട് നിയന്ത്രിതമായി മാത്രമേ തുറന്നുവിടാവൂ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെള്ളം തുറന്നുവിടാതെ നിർവാഹമില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

ഡൽഹിയിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയാണ് ഹരിയാനയിലെ യമുനാനഗറിലെ ഹഥിനിക്കുണ്ഡ് അണക്കെട്ട് സ്ഥിതി ചെയുന്നത്. സാധാരണ അണക്കെട്ട് തുറന്നുവിട്ടാൽ വെള്ളം ഡൽഹിയിലെ തീരപ്രദേശങ്ങളിലെത്താൻ ഏകദേശം രണ്ടോ മൂന്നോ ദിവസം വേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച് വേഗത്തിലാണ് ഹഥിനിക്കുണ്ഡിൽ നിന്നെത്തിയ ജലം ഡൽഹിയെ വിഴുങ്ങിയത്. മണിക്കൂറുകൾക്കുള്ളിലാണ് വെള്ളം നിറഞ്ഞത്. തീരമേഖലയിൽനിന്ന് വെള്ളം നഗരപ്രദേശത്തേക്കും നീങ്ങുകയാണ്. വടക്കേ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ പെയ്ത കനത്തമഴയും യമുനയിലേക്കുള്ള നീരൊഴുക്കിന് കാരണമായി. വ്യാഴാഴ്ച ഉച്ചയോടെ നദിയിലേക്ക് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചിരിക്കുന്നത്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment