China earthquake 23/01/24 : ചൈനയിൽ 7.2 തീവ്രതയുള്ള ഭൂചലനം, ഡൽഹിയിലും പ്രകമ്പനം
ബെയ്‌ജിങ്: പടിഞ്ഞാറൻ ചൈനയിലെ തെക്കൻ ഷിൻജിയാങ്ങിൽ ശക്തമായ ഭൂചലനം. ഇന്നു പുലർച്ചെയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. കിർഗിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്തെ ഭൂചലനത്തിൻ്റെ പ്രകമ്പനം ഡൽഹിയിൽ ഉൾപ്പെടെ അനുഭവപ്പെട്ടു. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം.
അതിനിടെ, ഇന്നലെ രാത്രി അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം ഉണ്ടായി. 6.1 തീവ്രതയുള്ള ഭൂചലനം ആണ് അനുഭവപ്പെട്ടത്. 241 കി.മി വടക്കു കിഴക്കു ഡൽഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു.
80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. 3 പേർക്ക് പരുക്കേറ്റുവെന്നും നിരവധി കെട്ടിടങ്ങൾ തകർന്നു എന്നും സിൻഹുവ വാർത്താ ഏജൻസി പറഞ്ഞു. പ്രാദേശിക സമയം പുലർച്ചെ 2 നാണ് ഭൂചലനം. സിൻജിയാങ്ങിൽ 13 കി.മി താഴ്ച്ചയിൽ ആണ് പ്രഭവ കേന്ദ്രം. അക്സു നഗരത്തിൻ്റെ 140 കി.മി പടിഞ്ഞാറാണ് ഭൂചലനം ഉണ്ടായത്.
നിരവധി പേർക്കു പരുക്കേറ്റതായും വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ഷിൻ ജിയാങ് റെയിൽവേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു. പ്രഭവ കേന്ദ്രമായ ഗ്രാമത്തിൽ രണ്ട് വീടുകൾ, കന്നുകാലി ഷെഡുകൾ തകർന്നു. സമീപ ഗ്രാമത്തിലെ 3 പേരെയാണ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വലിയ ഭൂചലനത്തിനു പിന്നാലെ 3.0 തീവ്രതയിലും അതിലും ഉയർന്നതുമായ 14 തുടർ ചലനങ്ങള്‍ പ്രഭവകേന്ദ്രത്തിനു സമീപം രേഖപ്പെടുത്തി. ഡൽഹിയിലും എൻ.സി.ആർ മേഖലയിലും നേരിയ തോതിൽ ആണ് ഭൂചലനം അനുഭവപ്പെട്ടത്.
കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കിൽ ജനങ്ങൾ തെരുവിൽ അഭയം തേടി. ഇവിടെ കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. നഗരത്തിൽ അത്യാഹിതം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് എമർജൻസി സർവീസിന്റെ മേധാവി ബൊഹോബക് അഴികീവ് പറഞ്ഞു.