അടിമാലി ദേശീയ പാതയ്ക്ക് സമീപം മണ്ണിടിച്ചിൽ, ദമ്പതികളിൽ ഒരാൾ മരിച്ചു

ലക്ഷംവീട് നിവാസികളായ ബിജുവും ഭാര്യ സന്ധ്യയുമാണ് കുടുങ്ങിയത്. ഇതിൽ ബിജു മരിച്ചു. സന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില തൃപ്തികരമാണെന്ന് ഡോക്ടർമാർ.

Weather Desk
1 min mins read

 ഇടുക്കിയിൽ  അടിമാലി ദേശീയ പാതയ്ക്ക് സമീപം മണ്ണിടിച്ചിലിൽ ഒരു മരണം. കൂമ്പൻ പാറയിൽ അടിമാലി ലക്ഷംവീട് ഉന്നതിയിലാണ് സംഭവം. മൂന്ന് വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഒരു കുടുംബത്തിലെ രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി. ഇതിൽ ഭർത്താവ് ബിജു മരിച്ചു.

ലക്ഷംവീട് നിവാസികളായ ബിജുവും ഭാര്യ സന്ധ്യയുമാണ് കുടുങ്ങിയിരുന്നത്. സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി. 

കുടുങ്ങിക്കിടക്കുന്നവരോട് വാർഡ് മെമ്പർ സംസാരിച്ചിരുന്നു. ഇവരെ രക്ഷപ്പെടുത്താനായി രാത്രി വൈകി സ്ഥലത്തെത്തിയിട്ടുണ്ട്. കുടുംബം വീടിൻറെ ഹാളിൽ നിൽക്കുമ്പോൾ മണ്ണിടിയുകയായിരുന്നു. 

രാത്രി 10.45 നാണ് വൻ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗമാണ് ഇടിഞ്ഞത്. പ്രദേശത്ത് വൈദ്യുതി തകരാറിലായി.

കനത്ത മഴയെയും മണ്ണിടിച്ചിൽ സാധ്യതയും തുടർന്ന് കുടുംബങ്ങളെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. ബന്ധു വീടുകളിലേക്ക് മാറിയ ബിജുവിന്റെ കുടുംബം ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് മണ്ണിടിഞ്ഞത് എന്നാണ് നാട്ടുകാർ പറയുന്നത്. ഇവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ തയ്യാറായിരുന്നില്ല എന്നും ഉദ്യോഗസ്ഥർ പറയുന്നു.

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ എടുക്കാൻ വീട്ടിലേക്ക് വന്ന മറ്റുള്ളവരും മണ്ണിടിച്ചിലിൽ കുടുങ്ങി.

പരുക്കേറ്റ സന്ധ്യയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.  അപകടത്തിന് കാരണം ദേശീയപാത നിര്‍മാണത്തിന് അധികൃതരുടെ അനധികൃത മണ്ണെടുപ്പ് ആണെന്ന് നാട്ടുകാർ പറഞ്ഞു. 

English Summary: Landslide near Adimali National Highway, two members of a family trapped underground