kerala weather 03/11/24 : ഇന്ന് ഈ പ്രദേശങ്ങളിൽ മഴ സാധ്യത
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ തുലാ മഴ ഇന്നും കേരളത്തിൽ തുടരും. എന്നാൽ ഇന്ന് മഴയുടെ ശക്തി പൊതുവേ കുറയാനാണ് സാധ്യത. തെക്കൻ കേരളത്തിലാണ് ഇന്ന് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. വടക്കൻ ജില്ലകളുടെയും മധ്യകേരളത്തിന്റെയും കിഴക്കൻ പ്രദേശങ്ങളിൽ മഴ ലഭിക്കുമെങ്കിലും ഇടനാട് പ്രദേശങ്ങളിൽ ഇന്ന് മഴയുടെ ശക്തി കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറയും.
ഇന്ന് ഉച്ചയ്ക്ക് ശേഷം പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഴ സാധ്യത. താഴെപ്പറയുന്ന പ്രദേശങ്ങളിൽ ഇന്ന് ഉച്ചയ്ക്കുശേഷം ഇടിയോടുകൂടി ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. കാലാവസ്ഥ വകുപ്പും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പിറവം, മുട്ടം, ഏറ്റുമാനൂർ, ഉഴവൂർ, കറുകച്ചാൽ, കാത്തിരപ്പള്ളി, ഈ രാറ്റുപേട്ട, കോട്ടയം, തിരുവല്ല, റാന്നി, ളാഹ , പത്തനംതിട്ട, അടൂർ, കൊട്ടാരക്കര, പുനലൂർ , നെടുമങ്ങാട്, നെയ്യാറ്റിൻകര, കൂട്ടിക്കൽ, വിതുര, പാലോട്, പത്മനാഭപുരം എന്നിവിടങ്ങളിൽ ഇടിയോട് കൂടെ ഇന്ന് മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പ്രദേശങ്ങളിലായിരിക്കും അതിശക്തമായ മഴ.
ശ്രീലങ്കക്കും തമിഴ്നാടിനും ഇടയിൽ രൂപം കൊണ്ട ചക്രവാതചുഴിയാണ് മഴ ശക്തിപ്പെടുത്തുക. ഇതു കാരണം കഴിഞ്ഞ ദിവസങ്ങളിലും കേരളത്തിൻ്റെ കിഴക്കൻ മേഖലകളിലും ഇടനാട് പ്രദേശങ്ങളിലും ഇടിയോടുകൂടെ മഴ ലഭിച്ചിരുന്നു. ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി ചെറുതന വില്ലേജിൽ ആനാരി മുറിയിൽ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു.
തൃശൂരിൽ ചിമ്മിണിയിൽ ഒരു മണിക്കൂറിൽ 7 സെ.മി ഉം ചാലക്കുടിയിൽ രണ്ട് മണിക്കൂറിൽ 8.9 സെ.മി ഉം എറണാകുളത്ത് താഴെ പറയും വിധം മഴ ലഭിച്ചു.
ആലുവ 54 സെ.മി ( last 1 hr)
കളമശ്ശേരി 47 ( 1hr)
നായരമ്പലം 42 ( 1 hr )
മുളന്തുരുത്തി 43 ( 1 hr)
കുമ്പളങ്ങി 44 (1hr )
വാമനപുരം നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക
വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
സംസ്ഥാന ജലസേചന വകുപ്പിൻറെ മൈലംമൂട് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ വാമനപുരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.