kerala weather 26/10/24: ദന തീവ്ര ന്യൂനമർദമായി; കേരളത്തിൽ മഴ തുടരും
കഴിഞ്ഞ ദിവസം ഒഡിഷയിൽ കര കയറിയ ദന ചുഴലിക്കാറ്റ് (Cyclonic Storm Dana) ഇന്ന് രാവിലെയോടെ തീവ്ര ന്യൂനമർദമായി (Depression) ശക്തി കുറഞ്ഞു. ഇതോടെ ന്യൂനമർദ സ്വാധീനം ഇനി ഒഡിഷയിലും പരിസരത്തുമായി പരിമിതമാകും.
ഒഡിഷയിലെ ധമാരക്കും ബിതർകാനികക്കും ഇടയിലാണ് മണിക്കൂറിൽ 100 – 110 കി.മി വേഗതയിൽ തീവ്ര ചുഴലിക്കാറ്റായാണ് ഇന്നലെ ദന കര കയറിയത്. തുടർന്ന് 12 മണിക്കൂർ കൊണ്ട് ദന തീവ്ര ചുഴലിക്കാറ്റിൽ ( Severe Cyclonic Storm) നിന്ന് തീവ്ര ന്യൂനമർദത്തിലേക്ക് ( Deep Depression) ക്ക് ശക്തി കുറഞ്ഞിരുന്നു.
കരകയറിയ ശേഷം വടക്കൻ ഒഡീഷയിലൂടെ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 7 കി.മി വേഗതയിലാണ് ദന സഞ്ചരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇനി ദനയുടെ സ്വാധിനം ഉണ്ടാകില്ല.
അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും. പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റാണ് കാരണം. തെക്കൻ കേരളത്തിൽ ഇന്നലെ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്. ഇന്നും മഴ സാധ്യത. തമിഴ്നാട്ടിലും പാലക്കാട്ടും കനത്ത മഴ ലഭിച്ചു.