Kerala Weather today 17/12/23 : തെക്കൻ കേരളത്തിൽ മഴ, ഇന്ത്യയിൽ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിൽ
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപമായി ചക്രവാത ചുഴി (cyclonic circulation ) രൂപപ്പെട്ടതോടെ ഇന്ന് തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ മേഘാവൃതമായ അന്തരീക്ഷം ആകും. വൈകിട്ടും രാത്രിയിലും കിഴക്കൻ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. കേരളത്തിലെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് (Orange alert) പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിലെ ജില്ലകളിലും ഇന്ന് വൈകിട്ടും രാത്രിയും ഇടിയോടുകൂടിയുള്ള മഴക്ക് സാധ്യതയുണ്ടെന്ന് Metbeat Weather പറയുന്നു. ഏതെല്ലാം പ്രദേശങ്ങളിലാണ് ഇന്ന് മഴ സാധ്യത എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അതേസമയം, വടക്കൻ കേരളത്തിൽ ചൂട് കൂടുകയാണ്. താൽക്കാലികമായി ലഭിക്കുന്ന മഴ ചൂടിന് ആശ്വാസമാകില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മാപിനികളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സംസ്ഥാനം കേരളമായി മാറിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ ശൈത്യ കാലം ആരംഭിച്ചതോടെയാണ് ഇത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂരിലാണ്. തുടർച്ചയായി രണ്ടാമത്തെ ദിവസവും രാജ്യത്തു ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂരിലാണ്. ഇന്നലെ 36.7°c ആണ് കണ്ണൂരിൽ രേഖപ്പെടുത്തിയ താപനില.
ഉത്തരേന്ത്യയിൽ കൂടുതൽ സംസ്ഥാനങ്ങളിൽ പകൽ താപനില താഴാനാണ് സാധ്യത. ശൈത്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വേഗത്തിൽ വ്യാപിക്കും. എന്നാൽ ദക്ഷിണേന്ത്യയിൽ ഇപ്പോഴത്തെ അന്തരീക്ഷ പ്രതിഭാസങ്ങൾ നിലനിൽക്കുന്നതിനാൽ ശൈത്യം എത്താൻ അല്പം കൂടി സമയമെടുക്കും.