Kerala Weather 06/12/23 : മിഗ്ജോം ഇല്ലാതായി; വെള്ളി മുതൽ കേരളത്തിൽ ശക്തമായ മഴ സാധ്യത
ഇന്നലെ ആന്ധ്രാപ്രദേശിൽ കര കയറിയ മിഗ് ജോം ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന് മുകളിൽ ന്യൂനമർദമായി (Low-pressure area) ഇല്ലാതായി. ഉൾനാടൻ ആന്ധ്രപ്രദേശിൽ ഇന്നും പലയിടങ്ങളിലായി ഈ ന്യൂനമർദ്ദം മഴ നൽകും. മറ്റു സംസ്ഥാനങ്ങളിലെ കാലാവസ്ഥയെ ഇത് തൽക്കാലം ബാധിക്കില്ല.
കഴിഞ്ഞദിവസം പ്രളയം ഉണ്ടായ ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ നഗരങ്ങളിലും ആന്ധ്രാപ്രദേശിലെ വിജയവാഡ ഉൾപ്പെടെയുള്ള മേഖലകളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വരാം. ഇവിടങ്ങളിലെ വെള്ളക്കെട്ടുകൾക്ക് പരിഹാരമാകുന്നതോടെ സാധാരണ രീതിയിലേക്ക് നഗരം ഉണരും.
കേരളത്തിൽ ഇന്നും മഴ വിട്ടു നിൽക്കും. ചില ഇടങ്ങളിൽ മാത്രം ഉച്ചയ്ക്ക് ശേഷം സാധാരണ മഴ. ന്യൂനമർദം ദുർബലമായ ശേഷം തുലാവർഷ കാറ്റ് സാധാരണ രീതിയിലേക്ക് തിരിച്ചുവരും. അതുവരെ കേരളത്തിലും മഴ കുറയും.
ഇന്നലത്തെ പോസ്റ്റിൽ അറബിക്കടലിൽ ഒരു ന്യൂനമർദ്ദ സാധ്യതയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അടുത്ത വെള്ളിയാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. തെക്കൻ , മധ്യ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. അറബിക്കടലിൽ കാറ്റും മഴയും ഉണ്ടാകും. ന്യൂനമർദ്ദം രൂപപ്പെടുന്നത് സംബന്ധിച്ച് ഔദ്യോഗിക കാലാവസ്ഥ ഏജൻസികൾ വിവരം നൽകിയിട്ടില്ലെങ്കിലും മത്സ്യത്തൊഴിലാളികൾ ഈ മാസം എട്ടുമുതൽ ജാഗ്രത പാലിക്കേണ്ടതായ അന്തരീക്ഷം ഉടലെടുക്കും.
അതിനാൽ ഔദ്യോഗിക മുന്നറിയിപ്പുകൾക്കായി കാതോർക്കുകയും ഉടൻ കരയിലേക്ക് തിരിച്ചെത്താൻ കഴിയുന്ന ദൂരത്തിൽ മാത്രം ജോലി ചെയ്യുകയും വേണം. ന്യൂനമർദ്ദം എവിടെ രൂപപ്പെടുന്നുവെന്നും ഏതു രീതിയിൽ സഞ്ചരിക്കുന്നുവെന്നും എന്നതിനെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ എവിടെയെല്ലാം മഴ ലഭിക്കുക എന്ന് പറയാൻ കഴിയുകയുള്ളൂ. അതിനായി ഇനിയും കാത്തിരിക്കേണ്ടി വരും. എല്ലാ ദിവസവും metbeatnews.com ലെ കാലാവസ്ഥ അപ്ഡേഷനുകൾ ശ്രദ്ധിക്കുക.
അതിനായി ഞങ്ങളുടെ website നോക്കുക. വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. വാട്സ് ആപ്പ് ചാനലിലും ടെലഗ്രാം ചാനലിലും ഫോളോ ചെയ്യുക.