kerala weather 22/08/24: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, ശനി മുതല്‍ മഴ സാധ്യത ഇങ്ങനെ

kerala weather 22/08/24: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, ശനി മുതല്‍ മഴ സാധ്യത ഇങ്ങനെ

ലക്ഷദ്വീപിന് മുകളില്‍ കഴിഞ്ഞ ദിവസം രൂപം കൊള്ളുകയും കേരളത്തില്‍ ബുധനാഴ്ച പരക്കെ മഴക്കും ശക്തമായ കാറ്റിനും ഇടയാക്കിയ ചക്രവാതചുഴി ഇന്ന് ഉച്ചയോടെ ശക്തിപ്പെട്ട് ന്യൂനമര്‍ദമായി. അറബിക്കടലിന്റെ മധ്യ കിഴക്കന്‍ മേഖലയില്‍ കര്‍ണാടകയ്ക്കും ഗോവയ്ക്കും ഇടയിലായാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. സമുദ്രോപരിതലത്തില്‍ നിന്ന് 5.8 കി.മി ഉയരത്തിലാണ് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത 24 മണിക്കൂറില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കും. കേരളത്തില്‍ പ്രത്യേക കാലാവസ്ഥാ മാറ്റത്തിന് ഈ ന്യൂനമര്‍ദം കാരണമാകില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിഗമനം.

ബംഗ്ലാദേശിനു സമീപവും അറബിക്കടലിലും സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദങ്ങള്‍
Image Credit : Earthnull School

അതേസമയം, കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം വടക്കന്‍ ബംഗ്ലാദേശിനോട് ചേര്‍ന്ന് നിലകൊള്ളുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ന്യൂനമര്‍ദം ഇവിടെ സ്ഥിതി ചെയ്യുകയാണ്. ഇതോടെ ബംഗ്ലാദേശിലും ഇന്ത്യയിലെ ത്രിപുരയിലും പ്രളയത്തിന് കാരണമായ മഴ നല്‍കുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാളെ മുതല്‍ മഴയുടെ ശക്തിയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ ശനിയാഴ്ച വീണ്ടും മഴ

കേരളത്തില്‍ ഇന്നത്തേതിന് സമാനമായ അന്തരീക്ഷസ്ഥിതി നാളെയും തുടരും. ശനിയാഴ്ച വീണ്ടും മഴ സാധ്യത. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ പ്രതീക്ഷിക്കേണ്ടത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലും ഇടുക്കിയിലും ഇടത്തരം മഴ ലഭിക്കും. കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളുടെ കിഴക്കന്‍ മലയോര മേഖലയില്‍ അതിശക്തമായതോ തീവ്രമായതോ ആയ മഴ സാധ്യത.

ഞായറാഴ്ചയും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം 25 ന് ശേഷം മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മാസം അവസാനത്തോടെ വീണ്ടും മഴ ഉണ്ടായേക്കും.

അതിനിടെ, അടുത്ത രണ്ടാഴ്ചത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചനം പുറത്തുവന്നു. ഓഗസ്റ്റ് 23-29 വരെയുള്ള ആഴ്ചയില്‍ ഇടുക്കി ഒഴികെയുള്ള ജില്ലകളിലെല്ലാം സാധാരണയില്‍ കൂടുതല്‍ മഴയും കാസര്‍കോട് ജില്ലയിലും കണ്ണൂര്‍ ജില്ലയുടെ വടക്കും സാധാരണയേക്കാള്‍ വളരെ കൂടുതല്‍ മഴയും പ്രവചിക്കുന്നുണ്ട്.

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 9 വരെയുള്ള ആഴ്ചയില്‍ മിക്ക ജില്ലകളിലും സാധാരണ മഴയോ ചില ജില്ലകളില്‍ സാധാരണയില്‍ കുറവു മഴയോ ആണ് പ്രവചിക്കപ്പെടുന്നത്.

കാസര്‍കോട് ജില്ല, കണ്ണൂര്‍ ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സാധാരണ മഴ സാധ്യത.

കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖല, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ് സാധാരണയേക്കാള്‍ കുറവ് മഴ പ്രവചിക്കപ്പെടുന്നത്.

For Updates Join Our WhatsApp Channel

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment