ഇന്നും മഴ ശക്തം; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
കേരളത്തിൻ്റെ വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴ തുടരും. തീവ്ര മഴ സാധ്യതയെ തുടർന്ന് മൂന്നു ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നുമുതൽ മൂന്നുദിവസമാണ് കേരളത്തിൽ ശക്തമായ മഴ സാധ്യതയുള്ളതെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. കേരളത്തിൻ്റെ കിഴക്കൻ മലയോര പ്രദേശങ്ങളിലുൾപ്പെടെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തീരദേശത്തും ഇന്നും നാളെയും മഴ ലഭിക്കും.
ഒഡിഷക്ക് സമീപം രൂപപ്പെട്ട രണ്ട് ചക്രവാത ചുഴികളും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട രണ്ട് ചക്രവാത ചുഴികളുമാണ് മഴ സജീവമാക്കി നിലനിർത്തുക. ഇതോടൊപ്പം കേരളതീരത്ത് മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (Trough) യും രൂപപ്പെട്ടു. സോമാലിയൻ സ്വാധീനവും കേരളത്തിൽ ഉണ്ട്.
രാവിലത്തെ ഉപഗ്രഹം ചിത്രങ്ങൾ പ്രകാരം കടലിൽ മേഘങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും കാറ്റ് അനുകൂലമല്ലാത്തതിനാൽ ദുർബലമായാണ് കരകയറുന്നത്. പുലർച്ചെ കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ മഴ ലഭിച്ചു. ഇന്ന് ഉച്ചക്ക് ശേഷം എല്ലാ ജില്ലകളിലും മഴയെത്തും.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.