kerala weather 07/09/24: ന്യൂനമർദം തീവ്രമാകും, കാലവർഷം വിടവാങ്ങൽ സൂചന ഇല്ല
മധ്യ ബംഗാൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം (low pressure area) ഈ മാസം ഒൻപതോടെ തീവ്ര ന്യൂനമർദ്ദം ( Depression ) ആകും. Metbeat Weather ൻ്റെ നേരത്തെയുള്ള റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ബംഗാൾ കടലിലെ ന്യൂനമർദ്ദത്തിൻ്റെ പുരോഗതി അന്ന് റിപ്പോർട്ടിൽ പറഞ്ഞതിൽ നിന്ന് മാറ്റങ്ങൾ ഒന്നുമില്ലാതെ തുടരുകയാണ്.
നിലവിൽ വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം സെപ്റ്റംബർ 9 ഓടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ബംഗ്ലാദേശ് തീരത്തിന് സമീപത്തു വച്ചാണ് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളത്.
തുടർന്നുള്ള 3 – 4 ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ് ഛത്തീസ്‌ഗഡ് മേഖലയിലേക്ക് പ്രവേശിക്കും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് വളരെ സാവധാനം ശക്തിപ്പെടുന്ന ഒരു ന്യൂനമർദ്ദം ആയിരിക്കും ഇതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ തവണത്തെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം പോലെ പെട്ടെന്ന് ശക്തിപ്പെടുകയും കരകയറുകയും ചെയ്യാതെ കടലിൽ തന്നെ തുടരുകയാണ് ചെയ്യുക. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തെ അന്തരീക്ഷത്തെ ഇത് ബാധിക്കുന്നില്ലെങ്കിലും ഇന്നുമുതൽ വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.
ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ നേരിയ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 6 മുതൽ 10 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ അറബിക്കടലിലെ അസ്ന ചുഴലിക്കാറ്റ് ചക്രവാത ചുഴിയായി (cyclonic circulation) തെക്കൻ ഒമാൻ തീരത്ത് ദുർബലമായി. കേരളത്തിൽ നാളെ (ഞായർ) കാസർകോട് മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടത്തരം മഴ സാധ്യത. തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലും മഴ ശക്തി പെട്ടേക്കും.
എന്നാൽ ദിവസം മുഴുവൻ സമയവും നീണ്ടുനിൽക്കുന്ന മഴയോ തീവ്ര മഴയോ പ്രതീക്ഷിക്കുന്നില്ല. കരയോടൊപ്പം അറബിക്കടലിലും മഴ തുടരും. ചൊവ്വാഴ്ച കാസർകോട്, മംഗലാപുരം, കണ്ണൂർ തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങൾ ഉൾപ്പെടെ മഴ സാധ്യത.
ന്യൂനമർദ്ദം ശക്തിപ്പെടുന്നത് മൂലമാണ് കേരളത്തിലും മഴ അല്പം കൂടുന്നത്. ന്യൂനമർദം കരകയറി ദുർബലമാകുന്നതോടെ ഈ മഴയുടെ ലഭ്യതയിലും കേരളത്തിൽ ഉൾപ്പെടെ കുറവുണ്ടാകും.
കാലവർഷക്കാറ്റ് പിൻവാങ്ങുന്ന ലക്ഷണങ്ങളൊന്നും ഇപ്പോൾ ഉത്തരേന്ത്യയിൽ കാണുന്നില്ല. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ ലഭിക്കുന്ന മഴയാണ് കാലവർഷത്തിന്റെ കണക്കിൽ ഉൾപ്പെടുത്താറുള്ളത്. എന്നാൽ കാലവർഷക്കാറ്റ് പിൻവാങ്ങുന്നത് പലപ്പോഴും ഒക്ടോബറിൽ ആണ്.
ഇതിന് പിന്നാലെ തുലാ വർഷം സജീവമാകും. കാലവർഷം കേരളത്തിൽ നിന്നും ആണ് അവസാനമായി പിന്മാറുന്നത്. അതിനുശേഷം വടക്കു കിഴക്കൻ മൺസൂൺ (North East monsoon) എന്ന തുലാവർഷം തുടങ്ങുകയുള്ളൂ. കാലവർഷക്കാറ്റ് പിൻവാങ്ങുന്നതിന് മുന്നോടിയായി കേരളത്തിൽ ഇടിയോടു കൂടെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കിലും അത് തുലാവർഷ മഴയായി കാണാൻ കഴിയില്ല.
രാജസ്ഥാനിൽ നിന്നാണ് ആദ്യം കാലവർഷം പിൻവാങ്ങുന്നത്. തുടർന്ന് ഒരു മാസമെങ്കിലും സമയമെടുത്താണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിടവാങ്ങൽ പ്രക്രിയ (withdrawal of south west monsoon) പൂർത്തിയാക്കുന്നത്.
ഇപ്പോഴത്തെ നിഗമനം അനുസരിച്ച് ഒക്ടോബർ പകുതിയോടെ കാലവർഷം വിടവാങ്ങി സാധ്യതയുള്ള എന്നാണ് Metbeat Weather ൻ്റെ നിരീക്ഷണം.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page