kerala weather 18/12/24 : ന്യൂനമർദം തമിഴ്നാട് തീരത്തേക്ക് നീങ്ങുന്നു ; തണുപ്പ് നാളെ മുതൽ കുറയും
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചെയ്യുന്ന ന്യൂനമർദ്ദം തമിഴ്നാട് തീരത്തേക്ക് അടുക്കുന്നു. നാളെയോടെ ഈ ന്യൂനമർദം തീരത്തോട് കൂടുതൽ അടുക്കും. ന്യൂനമർദ്ദത്തിന്റെ ഭാഗമായ മഴ മേഘങ്ങൾ തമിഴ്നാട്ടിൽ ഇന്നും നാളെയും മഴ നൽകും. വടക്കൻ തമിഴ്നാട്ടിലാണ് മഴ സാധ്യത. ഒറ്റപ്പെട്ട മഴ പുതുച്ചേരിയിലും മധ്യ തമിഴ്നാട്ടിലെ തീരദേശത്തും ലഭിക്കും.
ഈ സിസ്റ്റം വടക്കൻ തമിഴ്നാട്ടിലും തെക്കൻ ആന്ധ്രപ്രദേശിലുമാണ് കനത്ത മഴ നൽകാൻ സാധ്യതയുള്ളത്. തമിഴ്നാടിന്റെ മറ്റു ഭാഗങ്ങളിൽ ഒറ്റപ്പെട്ട ഒന്നോ രണ്ടോ മഴ പ്രതീക്ഷിച്ചാൽ മതിയാകും. കേരളത്തിലും ഈ സിസ്റ്റം മഴ നൽകാനുള്ള സാഹചര്യം കുറഞ്ഞുവെന്ന് കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.
പുതിയ കാലാവസ്ഥ അപ്ഡേറ്റിലും ഇതിൽ മാറ്റമില്ല. ന്യൂനമർദ്ദം ആന്ധ്രപ്രദേശ്, ഒഡീഷ മേഖലയിലേക്കാണ് ലക്ഷ്യം വെക്കുന്നത്. അതിനാൽ കേരളത്തിൽ കനത്ത മഴ ലഭിക്കാനുള്ള സാഹചര്യം ഇല്ല എന്നാണ് പുതിയ നിരീക്ഷണം. ഇന്നുമുതൽ ഈ മാസം അവസാനം വരെ കേരളത്തിൽ വരണ്ട കാലാവസ്ഥയോ ഒറ്റപ്പെട്ട മഴയോ ഉണ്ടാകും.
ക്രിസ്മസിന് മഴ ഇല്ല
ക്രിസ്മസിനെ കേരളത്തിൽ എവിടെയും ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. ഒറ്റപ്പെട്ട ചാറ്റൽ മഴ രാത്രി പെയ്തേക്കാം. പൊതുവേ കേരളത്തിൽ വരണ്ട കാലാവസ്ഥയാണ് പകൽ അനുഭവപ്പെടുക. എന്നാൽ രാത്രിയിൽ തണുപ്പുണ്ടാകും. പകൽ ചൂട് കൂടുകയും ചെയ്യും. പകൽ ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കണം.
തണുപ്പ് വ്യാഴം മുതൽ കുറയും
കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട തണുപ്പ് വ്യാഴാഴ്ച മുതൽ കേരളത്തിൽ കുറയും. തെക്കൻ കേരളത്തെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെട്ടിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലും അങ്ങനെയാകും. എന്നാൽ, ഞായറാഴ്ച വരെ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും തണുപ്പ് കുറയാനാണ് സാധ്യത. ഇന്ന് ( ബുധൻ ) പുലർച്ചെ അനുഭവപ്പെട്ട തണുപ്പ് നാളെ രാവിലെ ഉണ്ടാകില്ല.
അതേസമയം, ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ തണുപ്പില്ല എന്ന് ഇതിന് അർത്ഥമില്ല. കുറച്ചു ദിവസത്തെ കാലാവസ്ഥ പ്രവചനം മാത്രമാണ് ഇവിടെ നൽകുന്നത്. തിങ്കൾ മുതൽ വീണ്ടും തണുപ്പ് തിരികെ എത്തിയേക്കാം. അതേസമയം ഉത്തരേന്ത്യയിലെ ശൈത്യം തുടരും. ദക്ഷിണ ഇന്ത്യയിൽ മാത്രമാണ് കുറച്ചുദിവസത്തേക്ക് തണുപ്പ് മാറിനിൽക്കുക. പശ്ചിമവാതം ശക്തിപ്പെടുന്നതിന്റെ തുടർന്നാണ് ഉത്തരേന്ത്യയിൽ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാവുക. ഉത്തരേന്ത്യയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശൈത്യ തരംഗം മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.