kerala weather 12/01/24: എരുമേലി പേട്ടതുള്ളലിന് മഴ തടസമാകില്ല, വരണ്ട കാലാവസ്ഥ തുടരും
കഴിഞ്ഞദിവസം അറബിക്കടലിലെത്തിയ ചക്രവാത ചുഴി (cyclonic circulation) മാലദ്വീപിന് (Maldives) സമീപത്തേക്ക് മാറിയതോടെ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും. കേരളതീരത്ത് ചക്രവാത ചുഴി നിലകൊണ്ട ഇന്നലെയും കേരളത്തിൽ മഴ കുറയുമെന്നായിരുന്നു ഞങ്ങളുടെ പ്രവചനം. സംസ്ഥാനത്ത് എവിടെയും ഇന്നലെ കാര്യമായ തോതിൽ മഴ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് നടക്കുന്ന എരുമേലി പേട്ടതുള്ളലിനും മഴ തടസ്സം ആകില്ല.
എരുമേലി പേട്ട തുള്ളൽ ഇന്ന്
ഭക്തിക്കൊപ്പം സൗഹൃദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്നാണ് നടക്കുന്നത്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ സ്വർണത്തിടമ്പ് പൂജിക്കും. തുടർന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ കാണുമ്പോൾ പേട്ടശാസ്താ ക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളൽ തുടങ്ങും.
ക്ഷേത്രത്തിൽനിന്നും പേട്ടതുള്ളി മസ്ജിദിൽ എത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മിറ്റി പ്രതിനിധികൾ സ്വീകരിക്കും. രണ്ടുമണിയോടെ പേട്ടതുള്ളൽ സമാപിക്കും. മൂന്നുമണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ടശാസ്താ ക്ഷേത്രത്തിൽനിന്ന് തുടങ്ങും. യോഗം പെരിയോൻ അമ്പാടത്ത് എ.കെ. വിജയകുമാർ ആലങ്ങാട് സംഘത്തെ നയിക്കും.
ഇന്നത്തെ ഉപഗ്രഹ നിരീക്ഷണം
അതേസമയം ഇന്ന് രാവിലെയുള്ള ഉപഗ്രഹ ചിത്രങ്ങളിൽ കേരള തീരത്തിന് സമീപം കടലിൽ ശക്തമായ മേഘ സാന്നിധ്യം കാണുന്നുണ്ട്. മാലദ്വീപിന് സമീപം കേന്ദ്രീകരിച്ച ചക്രവാതചുഴിയെ തുടർന്നാണ് ഇത്. ലക്ഷദ്വീപിൽ ഒറ്റപ്പെട്ട മഴ ഇന്നും തുടരും. ശ്രീലങ്കയിലും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട്ടിൽ ഒന്നോ രണ്ടോ പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്തേക്കാം. മാലദ്വീപിൽ വ്യാപകമായി മഴയുണ്ടാകും. ഇടിയോടെയുള്ള ശക്തമായ മഴക്കും കടൽക്ഷോഭത്തിനും ഈ മേഖലയിൽ സാധ്യതയുണ്ട്.
തുലാവർഷം വിടവാങ്ങുന്നു
കേരളത്തിൽ വരണ്ട കാലാവസ്ഥ അടുത്ത പത്ത് ദിവസം തുടരാനാണ് സാധ്യത. ഇതിനിടെ തുലാവർഷം വിടവാങ്ങുന്നതിനുള്ള അന്തരീക്ഷ പരിവർത്തനവും നടക്കും. ഈ മാസം 15 നകം തുലാവർഷം വിടവാങ്ങാൻ ആണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ വടക്കു കിഴക്കൻ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ദിശയിലും ക്രമേണ മാറ്റം കണ്ടു തുടങ്ങും. തുടർന്ന് കരഭാഗത്തുനിന്നുള്ള വടക്കുഴക്കൻ കാറ്റ് തമിഴ്നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെ കേരളത്തിലേക്ക് വ്യാപിക്കുകയും കേരളത്തിലും തമിഴ്നാട്ടിലും തണുപ്പ് വർധിക്കുകയും ചെയ്യും.
പകൽചൂട് കൂടും രാത്രി തണുപ്പും
കേരളത്തിൽ പകൽ ചൂട് കൂടുകയും രാത്രി തണുപ്പുണ്ടാക്കുകയും ചെയ്യാനാണ് ഇനിയുള്ള ദിവസങ്ങളിലെ സാധ്യത ഞങ്ങളുടെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. കാലാവസ്ഥയിൽ എപ്പോഴും മാറ്റം വരാൻ സാധ്യതയുള്ളതിനാലും പുതിയ കാലാവസ്ഥ വിവരങ്ങളും നിരീക്ഷണങ്ങളും നിഗമനങ്ങളും അറിയാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലോ വാട്സപ്പ് ചാനലിലോ ഫോളോ ചെയ്യുക.
ഏറ്റവും പുതിയ തൊഴിൽ, വിദ്യാഭ്യാസ വിവരങ്ങൾ ലഭിക്കാൻ ഈ Whatsapp ഗ്രൂപ്പിൽ അംഗമാകാം.