kerala weather (01/07/24) : എറണാകുളം മുതൽ വടക്കോട്ട് മഴ സാധ്യത

kerala weather (01/07/24) : എറണാകുളം മുതൽ വടക്കോട്ട് മഴ സാധ്യത

കേരളത്തിൽ ഇന്ന് (01/07/24) കൂടുതൽ ജില്ലകളിൽ മഴ ലഭിക്കും. ഉത്തരേന്ത്യയിൽ മഴ തുടരുമെന്നും കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും ഇന്നലെ രാവിലത്തെ metbeat news ൻ്റെ കാലാവസ്ഥ അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇന്നും സംസ്ഥാനത്ത് കൂടുതൽ പ്രദേശങ്ങളിൽ മഴക്ക് അനുകൂല അന്തരീക്ഷ സ്ഥിതിയാണുള്ളത്.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ആയി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ഇന്ന് രാവിലെ എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ മഴയുണ്ട്. ഇന്ന് പകലും വടക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കും. ഇന്നലെ രാത്രി ചിലയിടങ്ങളിൽ ഇടിമിന്നലോടെയാണ് മഴപെയ്തത്.

മഹാരാഷ്ട്ര മുതൽ കേരളതീരം വരെ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് രൂപപ്പെട്ട ന്യൂനമർദ്ദ പാത്തി (ട്രഫ്) ഇന്നലെ ദുർബലമായിരുന്നെങ്കിലും ഇന്ന് വീണ്ടും സജീവമായി. ഇതോടൊപ്പം ഗുജറാത്തിലെ കച്ചിനും പാകിസ്ഥാനും മുകളിലും ആയി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി (cyclonic circulation), അതോടൊപ്പം ആ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തി, ഒഡീഷക്ക് സമീപം ദുർബലമായ ചക്രവാത ചുഴി തുടങ്ങിയവ ഉത്തരേന്ത്യയിലും ലക്ഷണേന്ത്യയിലും മഴക്ക് അനുകൂല സാഹചര്യമൊരുക്കും.

ഇന്ന് രാവിലത്തെ വിൻഡ് ഡാറ്റയിൽ മംഗലാപുരം മുതൽ ഗുജറാത്ത് വരെയുള്ള മേഖലകളിലാണ് പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടുതലുള്ളത്. എന്നാൽ കേരളത്തിലേക്ക് ഒറ്റപ്പെട്ട മേഘങ്ങൾ അറബിക്കടലിൽ നിന്ന് എത്തുന്നുണ്ട്. ഇവ മഴയായി പെയ്തു പോകുകയും ഇടവേളകൾ ലഭിക്കുകയും ചെയ്യും. അതിശക്തമായ മഴക്ക് സാധ്യതയില്ലെങ്കിലും ചില പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കും. രാവിലെ മൺസൂണിന്റെ പ്രതീതിയോടെയുള്ള മഴയ്ക്കും സാധ്യത.

വൈകുന്നേരങ്ങളിൽ ഇന്നും ഇടിയോടുകൂടിയുള്ള മഴ കേരളത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിലും ഇടനാടുകളിലും ഉണ്ടാകും. അതിനാൽ ഇടിമിന്നൽ ജാഗ്രതയും പാലിക്കണം. കാലവർഷക്കാറ്റ് കേരളത്തിന് മുകളിൽ ദുർബലമായതാണ് മിന്നലോടെയുള്ള മഴ സാധ്യതയ്ക്ക് കാരണം.

അതിനിടെ, കാലവർഷം ജൂൺ മാസം പിന്നിട്ടപ്പോൾ കേരളത്തിൽ 25 ശതമാനം മഴ കുറവാണ് റിപ്പോർട്ട് ചെയ്തത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മഴ ലഭ്യത ഈ ജൂണിൽ കൂടി. കേന്ദ്ര കാലാവസ്ഥ വകുപ്പും മറ്റു അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസികളും ഈ ജൂണിൽ സാധാരണ തോതിൽ മഴ ലഭിക്കും എന്നായിരുന്നു പ്രവചിച്ചിരുന്നത്. സാധാരണ മഴ ലഭിക്കും എന്നാണ് മെറ്റ്ബീറ്റ് വെതറും പറഞ്ഞിരുന്നത്. എന്നാൽ എല്ലാ പ്രവചനങ്ങളും തെറ്റുകയും മഴ 25 ശതമാനം കുറവുമാണ് ലഭിച്ചത്.

കഴിഞ്ഞവർഷം ജൂണിൽ 60% മഴ കുറവുണ്ടായിരുന്നു. 50 ശതമാനത്തോളം മഴ കുറവായിരുന്നു ഈ മാസം അവസാന വാരം വരെ കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ സൊമാലിയൻ ജെറ്റ് സ്ട്രീം പ്രതിഭാസം ശക്തിപ്പെട്ടതോടെ കേരളത്തിൽ മഴ ശക്തമായി. ഇതാണ് മഴക്കുറവിനെ ഒരു പരിധിവരെ ഇല്ലാതാക്കിയത്. കേരളത്തിൽ ജൂൺ 21ന് ശേഷം മഴ ശക്തിപ്പെടുമെന്നും എന്നാൽ മഴ കുറവിനെ പൂർണമായി പരിഹരിക്കാനുള്ള ശേഷി വഴക്കുണ്ടാകില്ലെന്ന് ജൂൺ 17ന് ഉള്ള റിപ്പോർട്ടിൽ metbeat news പറഞ്ഞിരുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയുടെ മറ്റു ഭാഗങ്ങളിലും മഴ തുടരുകയാണ്. കേരളത്തോടൊപ്പം കർണാടക വടക്കൻ തമിഴ്നാട് എന്നിവിടങ്ങളിലും മഴ ലഭിക്കും. മഹാരാഷ്ട്ര ഗോവ കൊങ്കൺ തീരങ്ങളിലും തീരദേശ കർണാടകയിലും മഴ ശക്തിപ്പെടും.

കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിൽ ആണ് സംഭവം.

കൈക്കുഞ്ഞിനെയുമായി വെള്ളച്ചാട്ടത്തിന് നടുവിൽ അകപ്പെട്ടവരാണ് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇത്തരം പ്രദേശങ്ങളിലേക്ക് പോകുന്നതിന് വിലക്കുണ്ടായിരുന്നു.

അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോൾ ഇന്നലെയാണ് അപകടമുണ്ടായത്. കുടുംബം ഒഴുക്കിൽപെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment