വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങി പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 അംഗങ്ങൾ മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിൽ ആണ് സംഭവം. മഹാരാഷ്ട്ര കൊങ്കൺ മേഖലയിൽ അടക്കം രാജ്യത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു.
കൈക്കുഞ്ഞിനെയുമായി വെള്ളച്ചാട്ടത്തിന് നടുവിൽ അകപ്പെട്ടവരാണ് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇത്തരം പ്രദേശങ്ങളിലേക്ക് പോകുന്നതിന് വിലക്കുണ്ടായിരുന്നു.
അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോൾ ഇന്നലെയാണ് അപകടമുണ്ടായത്. കുടുംബം ഒഴുക്കിൽപെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
9 പേരാണ് വെള്ളച്ചാട്ടത്തിന് നടുവിൽ നിൽക്കുന്നതായി ദൃശ്യമാണ്. തൊട്ടുപിന്നിൽ വെള്ളം ഒഴുകി വരുന്നതും കാണാം. യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ഇവിടങ്ങളിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ ഏതാനും ദിവസമായി തുടരുന്നുണ്ട്.
ഒഴുക്കിൽപ്പെട്ടവരിൽ 3 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അവശേഷിക്കുന്ന രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. സമീപപ്രദേശത്ത് തന്നെയുള്ള കുടുംബമാണിതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.