കേരളത്തിൽ അതിതീവ്ര മഴ കൂടുന്നുണ്ടെങ്കിലും കാലവർഷ സീസണിൽ ലഭിക്കുന്ന മൊത്തമായ മഴ കുറയുകയാണെന്ന് കണക്കുകൾ. ഇതുകൊണ്ട് വെള്ളപ്പൊക്കവും വരൾച്ചയും ഒരേ വർഷം തന്നെ സംഭവിക്കുന്നുവെന്ന് കാലാവസ്ഥ ശാസ്ത്രഞ്ജനും ഗവേഷകനുമായ റോക്സി മാത്യു കോൾ പറയുന്നു.
1950 മുതൽ 2021 വരെ കാലവർഷ മഴയിൽ മൊത്തത്തിലുണ്ടായ മാറ്റമാറ്റത്തെ കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ .
കാലാവസ്ഥ വ്യതിയാനം: ആഗോളതാപനത്തിന്റെ വ്യക്തമായ ഒരു സൂചനയാണിത്. ചൂടുള്ള വായു കൂടുതൽ ഈർപ്പം കൂടുതൽ നേരം പിടിച്ചുവയ്ക്കുന്നു. അത് കൊണ്ട് ദീർഘ കാലയളവിൽ മഴ പെയ്യാതിരിക്കുകയും പിടിച്ചുവച്ച ഈർപ്പമെല്ലാം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടോ മണിക്കൂറുകൾ കൊണ്ടോ പെയ്തു തീർക്കുകയും ചെയ്യുന്നു. കുറഞ്ഞ കാലയളവിൽ കൂടുതൽ മഴ ലഭിക്കുന്നു. മൺസൂൺ കാറ്റുകളിൽ വന്ന വ്യതിയാനവും ഇതിന് കാരണമാകുന്നുണ്ട്.
പുഴകൾ:
വളഞ്ഞൊഴുകുന്ന പുഴകളുടെ അതിരുകളും തിട്ടകളും ഇല്ലാതാകുമ്പോൾ പരന്ന് ആഴ്ന്നിറങ്ങാനുള്ള സംവിധാനമില്ലാതെ പോകുന്നു. അങ്ങനെ സമീപ പ്രദേശങ്ങളെ പ്രളയത്തിലാഴ്ത്തുന്നു. മണൽ വാരി ആഴം കൂട്ടിയാൽ ഈ പ്രശ്നം തീരില്ല. കുറച്ചു വെള്ളം അതിവേഗത്തിൽ കുത്തിയൊലിച്ച് പോകും. വെള്ളം പരന്ന് ഇറങ്ങാത്തത് കൊണ്ട് വരൾച്ചയും പെട്ടെന്ന് വരുന്നു.
സമുദ്രനിരപ്പ്:
വേറൊരു പ്രശ്നവും ഉണ്ട്. പുഴ വെള്ളം കടലിലേയ്ക്കാണ് ഒഴുകി പോകേണ്ടത്. പക്ഷേ ഓരോ വർഷവും സമുദ്രനിരപ്പ് കൂടുന്നതോടൊപ്പം ഒഴുക്ക് കുറയുകയും ഉപ്പുവെള്ളം തിരിച്ച് കയറുകയും ചെയ്യും.
എന്ത് ചെയ്യാം?
ജല സുരക്ഷ: മൊത്തത്തിലുള്ള മഴയുടെ അളവ് കുറഞ്ഞെങ്കിലും കേരളത്തിന് ഇപ്പോഴും ഒരു പാട് മഴ കിട്ടുന്നുണ്ട്. Water is more of a management issue than a climate change issue. കാലാവസ്ഥ വ്യതിയാനത്തെക്കാളും ജല സുരക്ഷയെ ബാധിക്കുന്നത് ജലം നമ്മളെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ്.
പദ്ധതികൾ:
മഴയുടെയും വെള്ളത്തിന്റെയും പ്രശ്നങ്ങൾ തരണം ചെയ്യാൻ വിജയിച്ച പദ്ധതികൾക്ക് തുടർച്ചയുണ്ടാക്കുക. മഴപ്പൊലിമ (groundwater recharging), ജലവർഷിണി (ponds/lakes revival), പുഴ പുനർജനി (river rejuvenation) ഇവയെല്ലാം ചിലവു കുറഞ്ഞ, വിജയിച്ച പദ്ധതികളാണ്. നമ്മുടെ തൊഴിലുറപ്പ് പദ്ധതിയോടൊപ്പം ചേർത്ത് ഇവ എവിടെയും ചെയ്യാവുന്നതാണ്.
പശ്ചിമഘട്ടം: വനസംരക്ഷണം നിർബന്ധമാക്കുക. കാടുകൾ കാർബൺ വലിച്ചെടുക്കുന്നതിനെക്കാൾ, സസ്യ-ജല ബാഷ്പീകരണം (plant evapotranspiration) വഴി ജലം നിലനിർത്തി വീണ്ടും മഴ പെയ്യിക്കുകയും (recycled rainfall), അതേസമയം മണ്ണൊലിപ്പ്‍ തടയുകയും ചെയ്യുന്നുണ്ട്.
തമിഴ്നാടിന് വരെ ഓരോ വർഷവും കിട്ടുന്ന മഴയുടെ 25-50% വരെ പശ്ചിമഘട്ടത്തിലെ സസ്യജല ബാഷ്പീകരണം വഴിയാണെന്ന് അറിയുമ്പോൾ ഇതിന്റെ പ്രാധാന്യം വളരെയേറെയാകുന്നു.
പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മീറ്റിയറോളജിയിലെ ക്ലൈമറ്റ് ശാസ്ത്രഞജനും IPCC ലീഡ് ഓതറുമാണ് മലയാളിയായ റോക്സി.