ഹിന്നാംനോർ കരയോട് അടുക്കുന്നു; ജാഗ്രതയിൽ രാജ്യങ്ങൾ

ഈ വർഷത്തെ ഏറ്റവും ശക്തിയുള്ള ചുഴലിക്കാറ്റ് ഹിന്നാംനോർ ടൈഫൂൺ കരയിലേക്ക് അടുക്കുന്നു. നേരത്തെ കാറ്റഗറി 5 വരെയായിരുന്ന ഹിന്നാംനോർ ഇപ്പോൾ ശക്തികുറഞ്ഞിട്ടുണ്ട്. കിഴക്കൻ ചൈനയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ്‌വാൻ, ജപ്പാൻ, കൊറിയ രാജ്യങ്ങളെയാണ് ടൈഫൂൺ പ്രധാനമായും പ്രതികൂലമായി ബാധിക്കുക. ചൈനയിലെ ഷാങ്ഹായിയിൽ ഇന്ന് ബോട്ട്, ചങ്ങാടം സർവിസുകൾക്ക് വിലക്കേർപ്പെടുത്തി. 50,000 പൊലിസുകാരെ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു. നാളെ വെൻസൗ നഗരത്തിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കിഴക്കൻ ചൈനയിലെ പ്രധാന ബിസിനസ് കേന്ദ്രമാണിത്.
ഹിന്നാംനോർ കിഴക്കൻ ചൈനയ്ക്കു സമീപത്തൂടെ വടക്കുദിശയിൽ നീങ്ങുമെന്നാണ് പ്രവചനം. കിഴക്കൻ ചൈനയിൽ ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ജപ്പാനിലെ ഒക്കിനാവയിൽ വിമാനങ്ങൾ റദ്ദാക്കി. കൊറിയൻ ഉപദ്വീപിൽ കനത്ത മഴയ്ക്കും ഹിന്നാംനോർ ഇടയാക്കും. കൊറിയയിൽ അടുത്ത ദിവസം കനത്ത മഴക്കും പ്രളയത്തിനും സാധ്യതയുണ്ട്. ഹോങ്കോങ്ങിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് 175 കി.മി വേഗതയാണ് ഹിന്നാംനോറിനുള്ളത്. ചൈനീസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ ടൈഫൂൺ വാണിങ് നൽകിയിട്ടുണ്ട്. ഷെജിയാങ്, ഷാങ്ഹായ്, തായ്‌വാൻ എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കപ്പലുകൾക്കും മുന്നറിയിപ്പുണ്ട്. തായ്‌വാനിലെ തോയുവാൻ, ഹിഷിൻചു കൗണ്ടികളിൽ ജനങ്ങളെ ഒഴിപ്പിച്ചു. ന്യൂ തായ്‌പേയിലും 600 പേരെ ഒഴിപ്പിച്ചു. കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതായി തായ്‌വാൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തായ് വാനിൽ 40 വിമാനങ്ങൾ റദ്ദാക്കി. 100 ചങ്ങാട സർവിസുകളും റദ്ദാക്കിയെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.

Leave a Comment