Menu

drought

കേരളത്തിൽ ആകെ മഴ കുറയുന്നു; വരൾച്ചയിലേക്ക്?

കേരളത്തിൽ അതിതീവ്ര മഴ കൂടുന്നുണ്ടെങ്കിലും കാലവർഷ സീസണിൽ ലഭിക്കുന്ന മൊത്തമായ മഴ കുറയുകയാണെന്ന് കണക്കുകൾ. ഇതുകൊണ്ട് വെള്ളപ്പൊക്കവും വരൾച്ചയും ഒരേ വർഷം തന്നെ സംഭവിക്കുന്നുവെന്ന് കാലാവസ്ഥ ശാസ്ത്രഞ്ജനും ഗവേഷകനുമായ റോക്സി മാത്യു കോൾ പറയുന്നു.
1950 മുതൽ 2021 വരെ കാലവർഷ മഴയിൽ മൊത്തത്തിലുണ്ടായ മാറ്റമാറ്റത്തെ കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ .

കാലാവസ്ഥ വ്യതിയാനം: ആഗോളതാപനത്തിന്റെ വ്യക്തമായ ഒരു സൂചനയാണിത്. ചൂടുള്ള വായു കൂടുതൽ ഈർപ്പം കൂടുതൽ നേരം പിടിച്ചുവയ്ക്കുന്നു. അത് കൊണ്ട് ദീർഘ കാലയളവിൽ മഴ പെയ്യാതിരിക്കുകയും പിടിച്ചുവച്ച ഈർപ്പമെല്ലാം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടോ മണിക്കൂറുകൾ കൊണ്ടോ പെയ്തു തീർക്കുകയും ചെയ്യുന്നു. കുറഞ്ഞ കാലയളവിൽ കൂടുതൽ മഴ ലഭിക്കുന്നു. മൺസൂൺ കാറ്റുകളിൽ വന്ന വ്യതിയാനവും ഇതിന് കാരണമാകുന്നുണ്ട്.

പുഴകൾ:
വളഞ്ഞൊഴുകുന്ന പുഴകളുടെ അതിരുകളും തിട്ടകളും ഇല്ലാതാകുമ്പോൾ പരന്ന് ആഴ്ന്നിറങ്ങാനുള്ള സംവിധാനമില്ലാതെ പോകുന്നു. അങ്ങനെ സമീപ പ്രദേശങ്ങളെ പ്രളയത്തിലാഴ്ത്തുന്നു. മണൽ വാരി ആഴം കൂട്ടിയാൽ ഈ പ്രശ്നം തീരില്ല. കുറച്ചു വെള്ളം അതിവേഗത്തിൽ കുത്തിയൊലിച്ച് പോകും. വെള്ളം പരന്ന് ഇറങ്ങാത്തത് കൊണ്ട് വരൾച്ചയും പെട്ടെന്ന് വരുന്നു.

സമുദ്രനിരപ്പ്:
വേറൊരു പ്രശ്നവും ഉണ്ട്. പുഴ വെള്ളം കടലിലേയ്ക്കാണ് ഒഴുകി പോകേണ്ടത്. പക്ഷേ ഓരോ വർഷവും സമുദ്രനിരപ്പ് കൂടുന്നതോടൊപ്പം ഒഴുക്ക് കുറയുകയും ഉപ്പുവെള്ളം തിരിച്ച് കയറുകയും ചെയ്യും.

എന്ത് ചെയ്യാം?
ജല സുരക്ഷ: മൊത്തത്തിലുള്ള മഴയുടെ അളവ് കുറഞ്ഞെങ്കിലും കേരളത്തിന് ഇപ്പോഴും ഒരു പാട് മഴ കിട്ടുന്നുണ്ട്. Water is more of a management issue than a climate change issue. കാലാവസ്ഥ വ്യതിയാനത്തെക്കാളും ജല സുരക്ഷയെ ബാധിക്കുന്നത് ജലം നമ്മളെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ്.

പദ്ധതികൾ:
മഴയുടെയും വെള്ളത്തിന്റെയും പ്രശ്നങ്ങൾ തരണം ചെയ്യാൻ വിജയിച്ച പദ്ധതികൾക്ക് തുടർച്ചയുണ്ടാക്കുക. മഴപ്പൊലിമ (groundwater recharging), ജലവർഷിണി (ponds/lakes revival), പുഴ പുനർജനി (river rejuvenation) ഇവയെല്ലാം ചിലവു കുറഞ്ഞ, വിജയിച്ച പദ്ധതികളാണ്. നമ്മുടെ തൊഴിലുറപ്പ് പദ്ധതിയോടൊപ്പം ചേർത്ത് ഇവ എവിടെയും ചെയ്യാവുന്നതാണ്.
പശ്ചിമഘട്ടം: വനസംരക്ഷണം നിർബന്ധമാക്കുക. കാടുകൾ കാർബൺ വലിച്ചെടുക്കുന്നതിനെക്കാൾ, സസ്യ-ജല ബാഷ്പീകരണം (plant evapotranspiration) വഴി ജലം നിലനിർത്തി വീണ്ടും മഴ പെയ്യിക്കുകയും (recycled rainfall), അതേസമയം മണ്ണൊലിപ്പ്‍ തടയുകയും ചെയ്യുന്നുണ്ട്.
തമിഴ്നാടിന് വരെ ഓരോ വർഷവും കിട്ടുന്ന മഴയുടെ 25-50% വരെ പശ്ചിമഘട്ടത്തിലെ സസ്യജല ബാഷ്പീകരണം വഴിയാണെന്ന് അറിയുമ്പോൾ ഇതിന്റെ പ്രാധാന്യം വളരെയേറെയാകുന്നു.
പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മീറ്റിയറോളജിയിലെ ക്ലൈമറ്റ് ശാസ്ത്രഞജനും IPCC ലീഡ് ഓതറുമാണ് മലയാളിയായ റോക്സി.

യൂറോപ്പിലെ ഉഷ്ണതരംഗം: ബ്രിട്ടനിൽ വരൾച്ച പ്രഖ്യാപിച്ചു

മാസത്തോളമായി കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്ന യൂറോപ്പിൽ വരൾച്ചയും കാട്ടുതീയും രൂക്ഷമാകുന്നു. ബ്രീട്ടീഷ് സർക്കാർ ഔദ്യോഗികമായി വരൾച്ചാ ബാധിത പ്രദേശങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. രാജ്യത്തിന്റെ തെക്ക്, മധ്യ, കിഴക്കൻ പ്രദേശങ്ങളിലാണ് വരൾച്ചാ പ്രഖ്യാപനം. 1935 നു ശേഷം ഇതാദ്യമായാണ് വരണ്ട ജൂലൈ മാസം ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നദികളും ജലാശയങ്ങളും വറ്റി. വരുന്ന നാലു ദിവസം അതിതീവ്ര ചൂട് തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
അത്യാവശ്യത്തിനുള്ള വെള്ളം സ്റ്റോക്കുണ്ടെന്നാണ് എല്ലാ ജലവിതരണ കമ്പനികളും പറയുന്നത്. കഴിഞ്ഞ വരൾച്ചാകാലത്തേക്കാൾ മുന്നൊരുക്കങ്ങൾ ഇത്തവണ നടത്തിയിരുന്നുവെന്ന് ജല മന്ത്രി സ്റ്റീവ് ഡബിൾ പറഞ്ഞു.
റിനെ നദിയിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം വലിയതോതിൽ കുറഞ്ഞു. ഇതോടെ ചങ്ങാട സർവിസുകൾ പലയിടത്തും നിർത്തിവച്ചു. ഒന്നര മീറ്റർ വെള്ളം നദിയിലുണ്ടായിരുന്നു. ഇപ്പോഴത് 30 സെറ്റീമീറ്ററായി പലയിടത്തും കുറഞ്ഞിട്ടുണ്ട്.

കെനിയയിൽ ജലക്ഷാമം രൂക്ഷം, വെള്ളത്തിന് ശരീരം വിറ്റ് യുവതികൾ

കാലപ്പഴക്കം ചെന്ന വിതരണ സംവിധാനങ്ങളും കാലാവസ്ഥ മാറ്റങ്ങളും മൂലം ജലക്ഷാമം നേരിട്ട് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി. കിബ്ര പോലുള്ള ജനവിഭാഗങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളത്തിനായി സ്വകാര്യ കച്ചവടക്കാര്‍ക്ക് പണം നല്‍കുന്നു. ജലത്തിന്റെ ലഭ്യതയും വിതരണവും ഇവര്‍ നിയന്ത്രിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പണമായി മാത്രമല്ല സ്ത്രീകളും പെണ്‍കുട്ടികളും വെള്ളത്തിന്റെ വില നല്‍കുന്നത്.

‘രാത്രികാലങ്ങളില്‍ വെള്ളം വില്‍ക്കുന്നവരില്‍ മിക്കവരും പുരുഷന്‍മാരാണ്. ആ സമയത്ത് അവര്‍ ലൈംഗികമായി അതിനെ പ്രയോജനപ്പെടുത്തുന്നു. നിരസിച്ചാല്‍ വെള്ളം കിട്ടില്ല’- ഒരു സ്ത്രീ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് പറഞ്ഞു. എട്ട് കാന്‍ വെള്ളമാണ് മേരി എന്ന സ്ത്രീ ഓരോ ദിവസവും കൊണ്ടുപോകുന്നത്. ശമ്പളത്തിന്റെ നാലിലൊന്നായ 18 ഡോളറാണ് ഒരു മാസം വെള്ളത്തിനായി ഇവര്‍ മുടക്കുന്നത്. കിബ്രയില്‍ ധാരാളം പേര്‍ നിര്‍ധനരാണ്.

അതിനാല്‍തന്നെ വെള്ളത്തിനായി മുടക്കാന്‍ ഇവരുടെ കയ്യില്‍ പണമില്ല. ഒരു രാത്രിയില്‍ വെള്ളമെടുക്കുന്നതിനിടെ കച്ചവടക്കാരന്‍ മേരിയെ ആക്രമിച്ചു. അവര്‍ പറയുന്നതിങ്ങനെ: ‘അവര്‍ രണ്ടുപേരുണ്ടായിരുന്നു. എന്റെ വസ്ത്രം ഏതാണ്ട് വലിച്ചുകീറിയിരുന്നു. എന്റെ കരച്ചില്‍ കേട്ട് മറ്റ് സ്ത്രീകള്‍ എത്തുന്നതിന് മുന്‍പുതന്നെ അവര്‍ എന്നെ പീഡിപ്പിച്ചുകഴിഞ്ഞിരുന്നു’.

അപമാനം ഭയന്നും പേടിച്ചുമാണ് സ്ത്രീകള്‍ പൊലീസിനെ സമീപിക്കാത്തത്. സ്ത്രീകള്‍ പരാതിപ്പെടാത്തതിനാല്‍ ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ പ്രയാസമാണെന്ന് പൊലീസ് പറയുന്നു. പൊതുജല ഇടങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ അളവില്‍ കൊടുക്കാന്‍ അത് പര്യാപ്തമല്ല. 2005 മുതല്‍ നെയ്‌റോബി ജലദൗര്‍ലഭ്യം നേരിടുന്നു. സ്വകാര്യ ജലവിതരണക്കാരാണ് കിബ്ര പോലുള്ള സ്ഥലങ്ങളില്‍ ഈ വിടവ് നികത്തുന്നത്.

വെള്ളത്തിന് കാശ് നല്‍കേണ്ടിവരുന്നത് മറ്റ് ബുദ്ധിമുട്ടേറിയ പല വഴികളും തിരഞ്ഞെടുക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നുണ്ട്. ‘ഞാന്‍ വെള്ളം കടമായി വാങ്ങാറുണ്ടായിരുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ എങ്ങനെ വീട്ടുമെന്ന് വില്‍പ്പനക്കാരന്‍ ചോദിച്ചു. കോവിഡ് സാഹചര്യമായതിനാല്‍ കയ്യില്‍ ഒന്നുമില്ലെന്ന് പറഞ്ഞു. പണത്തിന് പകരമായി എന്റെ ശരീരം നല്‍കണമെന്ന് അയാള്‍ എന്നോട് പറഞ്ഞു’.-മറ്റൊരു സ്ത്രീ പറയുന്നു.