kerala weather 11/07/24: ഇന്ന് പകൽ മഴ കുറയും; കൊങ്കൺ, മുംബൈ കൂടും
ഇന്ന് പകൽ കേരളത്തെക്കാൾ കൂടുതൽ മഴ സാധ്യതയുള്ളത് കൊങ്കൺ തീരത്തും മുംബൈയിലും. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദ്ദ പാത്തി (Trough ) നിലവിൽ ഉണ്ടെങ്കിലും ഇന്ന് മധ്യകേരളം മുതൽ തെക്കോട്ടുള്ള മേഖലകളിൽ മഴ കുറയും.
വടക്കൻ കേരളത്തിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറവായിരിക്കും. മംഗലാപുരം മുതൽ ഗോവ വരെയുള്ള മേഖലകളിൽ പ്രത്യേകിച്ച് മഴ ശക്തമാകും. മുംബൈയിൽ കടലിലും ഉച്ചക്ക് ശേഷം മഴ ശക്തിപ്പെട്ടേക്കാം.
ചെന്നൈയിലും ബംഗളൂരുവിലും മൈസൂരുവിലും രാവിലെ മുതൽ മേഘാവൃതമായ അന്തരീക്ഷം തുടരും. ഒറ്റപ്പെട്ട മഴക്ക് ഈ പ്രദേശങ്ങളിൽ സാധ്യതയുണ്ടെങ്കിലും അതിശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. ചെന്നൈ, തിരുവള്ളൂർ, റാണിപേട്, കാഞ്ചിപുരം, തിരുവണ്ണാമലൈ, വേളുർ, വിഴുപുറം എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ച മുതൽ മഴ ലഭിച്ചു. എന്നാൽ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കും.
മധ്യകേരളം മുതൽ തെക്കോട്ടുള്ള മേഖലകളിൽ നിലവിൽ പടിഞ്ഞാറൻ കാറ്റ് തിരശ്ചീനമാണ്. ഇതുമൂലം വൈകിട്ട് വരെ ഇവിടെ മഴയുടെ ഇടവേള ലഭിച്ചേക്കും. വടക്കൻ കേരളത്തിൽ വെയിലും മൂടി കെട്ടലും മാറിമാറി വരുമെങ്കിലും വൈകിട്ടോടെയേ മഴ സാധ്യത കാണുന്നുള്ളൂ. ഇന്നലെയും വടക്കൻ കേരളത്തിൽ പകൽ മഴക്ക് ദീർഘമായ ഇടവേള ലഭിച്ചിരുന്നു.
കാലവർഷക്കാറ്റ് സജീവമാകുന്നത് മംഗലാപുരം മുതൽ വടക്കോട്ടുള്ള മേഖലകളിലാണ്. ബംഗാൾ ഉൾക്കടലിൽ അടുത്തയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. ഇതോടൊപ്പം പസഫിക് സമുദ്രത്തിലും ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും ഉടലെടുക്കാൻ സാധ്യതയുണ്ട്.
ഇത്തരം അന്തരീക്ഷ മാറ്റങ്ങൾ കേരളത്തിലും കാലവർഷത്തെ സജീവമാക്കും എന്നാണ് വിലയിരുത്തൽ. അതുവരെ കേരളത്തിൽ മഴയുടെ ഇടവേള പ്രതീക്ഷിക്കാം. മേഖലയിൽ കഴിഞ്ഞദിവസം ശക്തമായ മഴയെ തുടർന്ന് തുരങ്കങ്ങളിൽ വെള്ളം കയറുകയും ചെളി മൂടുകയും ചെയ്തിരുന്നു. തുടർന്നു തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഇന്നലെ രാത്രി മുതൽ പുനരാരംഭിച്ചിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.