kerala rain 18/07/24: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ഉടൻ

kerala rain 18/07/24: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ഉടൻ

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷക്ക് സമീപമായി ഇന്നു രാത്രിയോ നാളെ പുലർച്ചെയോയായി പുതിയ ന്യൂനമർദ്ദം രൂപപ്പെടും. ഈ മാസം തുടർച്ചയായി രണ്ടാമത്തെ ന്യൂനമർദ്ദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നത്. നേരത്തെ രൂപപ്പെട്ട ന്യൂനമർദ്ദം (low pressure area) കരകയറി ദുർബലമായി. ഇതോടൊപ്പം കേരളതീരത്ത് നിന്ന് ഗുജറാത്ത് വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (Trough) യും നിലനിൽക്കുന്നു.

ഇതോടെ കേരളത്തിൽ അടുത്ത 20 മണിക്കൂർ കൂടി മഴ തുടരാൻ സാധ്യത. തുടർന്ന് മഴയുടെ ശക്തി കുറയും. ഇടവേളകളോടുകൂടിയ മഴയാണ് കേരളത്തിൽ ഇനി ലഭിക്കുക. ബംഗാൾ ഉൾക്കടലിൽ നാളെ രൂപപ്പെടുന്ന ന്യൂനമർദ്ദം ഒരു ദിവസം കൊണ്ട് തന്നെ കരകയറി വീണ്ടും ദുർബലമാകാൻ ആണ് സാധ്യത.

Image credit: Earthnull school

ഈ ന്യൂനമർദ്ദം കേരളത്തിൽ ഏതാനും മണിക്കൂറുകൾ മഴ നൽകിയ ശേഷം കർണാടക തീരം, കൊങ്കൺ,  മുംബൈ തുടങ്ങിയ പടിഞ്ഞാറൻ തീരങ്ങളിലേക്കും തുടർന്ന് മധ്യ ഇന്ത്യയിലേക്കും ശക്തമായ മഴയായി മാറും.

അടുത്തയാഴ്ച മധ്യ ഇന്ത്യയിൽ കൂടുതൽ മഴയ്ക്ക് ന്യൂനമർദ്ദത്തിന്റെ ശേഷിപ്പുകൾ കാരണമായേക്കും. അതിനാൽ അടുത്ത ആഴ്ച ഉത്തരേന്ത്യയിലേക്കുള്ള യാത്രകളിൽ കാലാവസ്ഥ പ്രവചനം കൂടി പരിഗണിക്കണം.

കേരളത്തിൽ സജീവമായിരുന്ന പടിഞ്ഞാറൻ കാറ്റ് നിലവിൽ ദുർബലമാകുന്നുണ്ട്. കഴിഞ്ഞ നാല് ദിവസമായി പടിഞ്ഞാറൻ കാറ്റിൻ്റെ ശക്തി കേരളതീരത്തും കേരളത്തിന് മുകളിലും മണിക്കൂർ 40 മുതൽ 50 കിലോമീറ്റർ വരെ എത്തിയിരുന്നു.

സമുദ്രോപരിതലത്തിൽ നിന്ന് 7 കിലോമീറ്റർ വരെ ഉയരത്തിലുള്ള കാറ്റാണ് ശക്തിപ്പെട്ടത്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ ഇതേ ശക്തിയിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി മുതൽ കാറ്റിൻ്റെ ശക്തിയിൽ കുറവ് അനുഭവപ്പെടുന്നതായി ഞങ്ങളുടെ നിരീക്ഷകർ പറഞ്ഞു.

Image credit: windy.com

അതിനാൽ മഴയുടെ അളവിലും കുറവുണ്ട്. രാവിലത്തെ ഉപഗ്രഹ ചിത്രത്തിൽ വ്യാപകമായി കേരളതീരത്തും അറബിക്കടലിലും മേഘം ദൃശ്യം ആണെങ്കിലും റഡാർ നിരീക്ഷണങ്ങളിൽ ചില പ്രദേശങ്ങളിൽ മാത്രമാണ് മഴ ലഭിക്കുന്നത്. മറ്റിടങ്ങളിൽ ഇടവേളകൾ കാണുന്നുണ്ട്.

അറബി കടലിലും മഴക്ക് കാരണമായക്കാവുന്ന മേഘങ്ങളുടെ  സാന്ദ്രതയും കുറഞ്ഞിട്ടുണ്ട്. അതിനാൽ വരും മണിക്കൂറുകളിൽ വടക്കൻ ജില്ലകളിലുള്ള മഴ നാളെയോടെ കുറയാനാണ് സാധ്യത. നേരത്തെയുള്ള പ്രവചനത്തിൽ വെള്ളിയാഴ്ച വരെ മഴ തുടരും എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഈ സ്ഥിതിയിൽ മാറ്റമില്ല എന്നാണ് ഞങ്ങളുടെ നിരീക്ഷകർ അറിയിക്കുന്നത്.

ഇന്ന് 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്.

വയനാട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്നും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്.

metbeat news
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page
Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment