കേരളത്തിൽ ജൂൺ 30 ന് 53 ശതമാനമായിരുന്ന മഴക്കുറവ് ജൂലൈ നാലിന് 43 ശതമാനമായി കുറഞ്ഞു. നാലു ദിവസം കൊണ്ട് പത്തു ശതമാനം മഴക്കുറവാണ് നികത്തപ്പെട്ടത്. ജൂൺ ഒന്നു മുതൽ ഇന്നു വരെയുള്ള കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ചാണ് മഴക്കുറവ് 43 ശതമാനത്തിൽ എത്തിനിൽക്കുന്നത്. ഈ കാലയളവിൽ 738.8 എം.എം മഴ ലഭിക്കേണ്ടതിനു പകരം ലഭിച്ചത് 424.2 എം.എം മഴയാണ്.
അതേസമയം, എല്ലാ ജില്ലകളിലും ഇപ്പോഴും മഴക്കുറവ് തന്നെയാണ്. എന്നാൽ വലിയ മഴക്കുറവ് എല്ലാ ജില്ലകളിൽ നിന്നും മാറിയിട്ടുമുണ്ട്. 60% ൽ കൂടുതൽ കുറവ് വന്നാലാണ് വലിയ കുറവെന്ന് പറയുക. ഇടുക്കിയാണ് അവസാനമായി ഈ കടമ്പ കടന്നത്. ഇടുക്കിയിൽ ഇന്ന് കാലത്തു വരെ 58% മഴക്കുറവാണ് ഉള്ളത്. ഏറ്റവും കൂടിയ മഴ കാസർഗോഡാണ്. 71.47 സെ. മീ. മഴയുമായി കാസർഗോഡ് മുന്നിലാണ്. വടക്കൻ കേരളത്തിൽ മഴ സജീവമായതോടെയാണിത്.
58.95 സെ. മീ. മഴയുമായി കണ്ണൂർ രണ്ടാമതും 57.62 സെ. മീ മഴയുമായി കോഴിക്കോട് മൂന്നാമതും എത്തി. ഈ മൂന്ന് ജില്ലകളിലും ഈ സമയം ശരാശരി 100 സെ. മീറ്ററിലധികം മഴ കിട്ടേണ്ടതാണ്. 53.98 സെ. മീ. മഴയുമായി തൃശൂരും, 51.28 സെ. മീ. മഴയുമായി കോട്ടയവും തൊട്ടു പിന്നിലുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് മഴ കിട്ടിയത്. 23.26 സെ. മീ. പാലക്കാടാണ് അടുത്തത് 24.6 സെ. മീ. കൊല്ലം മൂന്നാം സ്ഥാനത്ത്. 27.47 സെ. മീ. മഴക്കുറവ് ശതമാനത്തിൽ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി കോട്ടയത്തിനാണ്. 29% കുറവ്. ആലപ്പുഴ 31% കുറവ്. തൃശൂർ 32% കുറവ്. മോശം സ്ഥിതി നേരത്തെ പറഞ്ഞത് പോലെ ഇടുക്കി. 58% കുറവ്. പാലക്കാട് 54%. വയനാട് 49%. അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. എന്നാൽ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ സാധാരണ മഴ ലഭിച്ചിട്ടുണ്ട്.