പ്രവാസികൾ അറിയാതെ പോകരുത് ഈ സർക്കാർ സഹായങ്ങൾ 20/01/24- Metbeat News

മെറ്റ്ബീറ്റ് ഗ്ലോബൽ ഡെസ്ക്

പ്രവാസികൾ അറിയാതെ പോകരുത് ഈ സർക്കാർ സഹായങ്ങൾ 20/01/24- Metbeat News

നാടിനുവേണ്ടി ജീവിതം അന്യരാജ്യങ്ങളിൽ ജീവിച്ചു തീർക്കുന്നവരാണ് പ്രവാസികൾ. കോടിക്കണക്കിനു രൂപയാണ് വിദേശനാണ്യമായി പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്നത്. പ്രവാസികൾക്ക് സർക്കാർ നൽകുന്ന സഹായങ്ങളും നിരവധിയാണ്. നാട്ടിൽ പ്രവാസികൾക്ക് സർക്കാർ എന്തെല്ലാം സഹായങ്ങൾ നൽകുന്നുണ്ടെന്നു നോക്കാം.

സാന്ത്വനം പദ്ധതി

രണ്ടു വർഷത്തിലധികം വിദേശത്തോ കേരളത്തിനു പുറത്തോ ജോലി ചെയ്തവർക്ക് സാന്ത്വനം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകും. വാർഷിക കുടുംബവരുമാനം 1,50,000 രൂപയിൽ അധികമാകരുത്. ചികിത്സാസഹായമായി 50,000 രൂപയും വിവാഹധനസഹായമായി 15,000 രൂപയും മരണാനന്തര ധനസഹായമായി 1,00,000 രൂപയും നൽകും. വീൽചെയർ, ക്രച്ചസ്സ് എന്നിവ വാങ്ങാനുള്ള ധനസഹായമായി പരമാവധി 10,000 രൂപ ലഭിക്കും. അപേക്ഷിക്കുമ്പോഴും സഹായം സ്വീകരിക്കുമ്പോഴും ജോലി ഉണ്ടായിരിക്കരുത് എന്നതാണ് മറ്റൊരു മാനദണ്ഡം. സാന്ത്വനം പദ്ധതി ധനസഹായത്തിനായി www.norkaroots.net, www.norkaroots .org എന്നീ വെബ്‌സൈറ്റുകളിൽനിന്ന് അപേക്ഷ ഫോം ലഭിക്കും.

കാരുണ്യം പദ്ധതി

വിദേശത്തോ കേരളത്തിനു പുറത്തോ ഉള്ള പ്രവാസികളായ കേരളീയരുടെ മൃതശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക സഹായ പദ്ധതിയാണിത്. മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസ്യതമുള്ള അവകാശികൾക്ക് സാമ്പത്തിക സഹായം ലഭിക്കും. മരണമടഞ്ഞ പ്രവാസികൾക്കോ ബന്ധുക്കൾക്കോ മറ്റൊരു ധനാഗമ മാർഗവുമില്ലാത്ത അസാധാരണ സന്ദർഭങ്ങളിൽ മാത്രമേ ഈ സഹായം ലഭിക്കൂ. ചെലവായ തുക പിന്നീട് അനുവദിക്കുകയാണ് ചെയ്യുക. മരിച്ചയാൾ വിദേശത്തോ ഇതര സംസ്ഥാനത്തോ രണ്ടു വർഷമെങ്കിലും താമസിച്ചിരിക്കണം. വിദേശത്തുമരിക്കുന്ന പ്രവാസിക്ക് സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാകണം. മരണ സമയത്ത് അവിടെ നിയമാനുസൃതം താമസിച്ചിരുന്ന അല്ലെങ്കിൽ ജോലി ചെയ്തിരുന്ന ആളായിരിക്കണം.
ഇന്ത്യയിൽ ഇതര സംസ്ഥാനങ്ങളിൽ മരിക്കുന്ന കേരളീയർ തൊഴിലിനു വേണ്ടി അല്ലെങ്കിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് അന്യ സംസ്ഥാനത്ത് സഞ്ചരിക്കുകയോ താമസിക്കുകയോ ചെയ്തിരിക്കണം. www.norkaroots.net എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ലഭിക്കും. വിശദവിവരങ്ങൾക്ക് 18004253939.

അവലംബം: പി.ആർ.ഡി കേരള


Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment